എറണാകുളം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്‌ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ഇന്ന് (സെപ്‌റ്റംബര്‍ 20) ആരംഭിക്കും. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. എറണാകുളം ഉൾപ്പെടെയുള്ള മൂന്ന് ജില്ലകളിലാണ് ആദ്യഘട്ട പരിശോധന നടക്കുക.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്‌ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടമായ ഇന്ന് തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരിശോധന നടക്കുക.
പൊതുമരാമത്ത് മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നാല് ഐഎഎസ് ഉദ്യോഗസ്ഥർ, എട്ട് ചീഫ് എഞ്ചിനീയർമാർ, സൂപ്രണ്ടിങ് എഞ്ചിനീയർമാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുക. ഓരോ പ്രവൃത്തിയുടെയും മെഷർമെന്‍റ് ബുക്ക് സഹിതം പരിശോധനയ്ക്ക് വിധേയമാക്കും. തിരുവനന്തപുരം ജില്ലയിൽ 1,525 കിലോമീറ്റർ റോഡാണ് റണ്ണിങ് കോൺട്രാക്‌ട് പ്രകാരം പ്രവൃത്തി നടക്കുന്നത്.
44.20 കോടി രൂപയുടെ പ്രവൃത്തിയാണ് ജില്ലയിൽ നടക്കുന്നത്. ഇടുക്കിയിൽ 2,330 കിലോമീറ്ററിൽ 73.57 കോടി രൂപയുടെയും എറണാകുളം ജില്ലയിൽ 2,649 കിലോമീറ്ററിൽ 68.24 കോടി രൂപയുടെ പ്രവൃത്തിയുമാണ് നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ജില്ലകളിലും പരിശോധന നടക്കും. റോഡ് നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് വ്യാപകമായ വിമർശനം ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് പരിശോധന നടത്തുന്നത്.