എറണാകുളം : നീറ്റ് പരീക്ഷയ്‌ക്കിടെ അടിവസ്‌ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി അടക്കമുള്ളവർക്ക് ഹൈക്കോടതിയുടെ നോട്ടിസ്. വിഷയത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതി നടപടി. ഹർജി ഹൈക്കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും.
പരിശോധനയുടെ പേരിൽ മാനസിക സമ്മർദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചിട്ടുള്ളത്.
പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്‌ടപരിഹാരം നൽകണം. സൗജന്യ കൗൺസിലിങ് അടക്കം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷനോട് നിർദേശിക്കണം തുടങ്ങിയ ആവശ്യങ്ങളുമുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് ഹർജിക്കാരൻ.