എറണാകുളം: കെഎഎസ് പരീക്ഷയിലെ ചോദ്യങ്ങൾ പാകിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിൽ നിന്ന് കോപ്പിയടിച്ചതെന്ന ആരോപണവുമായി പി.ടി തോമസ് എംഎൽഎ. പബ്ലിക്ക് അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിലെ ആറ് ചോദ്യങ്ങൾ ഇത്തരത്തിൽ പകർത്തിയതെന്നാണ് ആരോപണം. ഗുരുതരമായ വീഴ്‌ചയാണിതെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
ഈ മാസം 22-ാം തീയതിയാണ് കെഎഎസ് പരീക്ഷ നടന്നത്. 2001 ൽ നടത്തിയ പാകിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിലെ 63 മുതൽ 70 വരെയുള്ള ചോദ്യങ്ങളാണ് അതേപടി പകർത്തിയത്. സംസ്ഥാന സർക്കാരിന്‍റെയും പരീക്ഷ നടത്തിയ പി.എസ്.സിയുടെയും ഗുരുതരമായ വീഴ്‌ചയാണ് ഇത് വ്യക്തമാക്കുന്നത്. ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.