എറണാകുളം: രാഷ്ട്രീയത്തിനപ്പുറം പരിസ്ഥിതി വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച നേതാവിനെയാണ് പിടി തോമസിന്‍റെ വിയോഗത്തിലൂടെ കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത്.
നാല് തവണ എംഎല്‍എയും ഒരു തവണ എംപിയുമായിരുന്ന പിടി തോമസ് (70) കോൺഗ്രസില്‍ ഗ്രൂപ്പുകൾക്ക് അതീതനായ നേതാവായിരുന്നു. 1991, 2001 തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്ന് ജയിച്ച് എംഎല്‍എയായി. 1996ലും 2006ലും തൊടുപുഴയില്‍ പിജെ ജോസഫിനോട് പരാജയപ്പെട്ടു. 2016ലും 2021ലും തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായി. 2009ല്‍ ഇടുക്കിയില്‍ നിന്ന് ജയിച്ച് എംപിയായി.
നിലവില്‍ കെപിസിസി വർക്കിങ് പ്രസിഡന്‍റും എംഎല്‍എയുമാണ്. കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, ഗ്രന്ഥശാല സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം എഴുത്തുകാരനായും തിളങ്ങിയ പിടി തോമസ് " എഡിബിയും പ്രത്യയശാസ്ത്രങ്ങളും " എന്ന പുസ്‌തകവും രചിച്ചിട്ടുണ്ട്.
ഇടുക്കി രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്‍റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം, മഹാരാജാസ് കോളജ് എറണാകുളം, ഗവ.ലോ കോളജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
Also Read: പി.ടി തോമസ് എം.എല്‍.എ അന്തരിച്ചു
കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. 1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ പിടി തോമസ് 1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്‍റായിരുന്നു.