എറണാകുളം: കോൺഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസ് അന്തരിച്ചു. എഴുപത് വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റാണ്.
ബുധനാഴ്ച രാവിലെ പത്തേകാലോടെ വെല്ലൂരിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. അസുഖ ബാധിതനായിരുന്നുവെങ്കിലും രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. രോഗം ഗുരുതരമായതോടെ വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു. കീമോതെറാപ്പിയുൾപ്പടെയുള്ള ചികിത്സ ആരംഭിക്കാനിരിക്കെയാണ് മരണം.
ഉറച്ച നിലപാട്... കോണ്‍ഗ്രസിന്‍റെ പ്രധാന മുഖങ്ങളിലൊന്ന്
പരിസ്ഥിതി വിഷയങ്ങളിലുൾപ്പടെ ശക്തമായ നിലപാടുയര്‍ത്തിയിരുന്നു പി.ടി തോമസ്. നിയമസഭയിൽ ഉൾപ്പടെ കോൺഗ്രസിന്‍റെ പ്രധാന മുഖമായിരുന്നു. നേരത്തെ എ ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നുവെങ്കിലും സമീപകാലത്ത് ഗ്രൂപ്പിന് അതീതമായി പ്രവർത്തിച്ചു. നാല് തവണ നിയമസഭാംഗമായും ഒരു തവണ ലോകസഭാംഗമയും പ്രവർത്തിയ്‌ക്കുകയുണ്ടായി. കസ്‌തൂരി രംഗൻ - ഗാഡ്‌ഗില്‍ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാടിൽ ശക്തമായ എതിർപ്പ് ഉയർന്ന വേളയിലും പി.ടി തോമസ് ഉറച്ച് നിന്നിരുന്നു.
എറണാകുളം മഹാരാജാസ് കോളജിൽ കെ.എസ്.യു നേതാവായാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 ൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ.പി.സി.സി പ്രവർത്തക സമിതി അംഗം, എ.ഐ.സി.സി അംഗം എന്ന നിലയിലും പ്രവർത്തിച്ചു. 1991,2001 നിയമസഭ തെരെഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്നും, 2016, 2021 തൃക്കാക്കരയിൽ നിന്നുമാണ് പി.ടി നിയമസഭയിലെത്തിയത്.
ALSO READ : പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊണ്ടു, വിടവാങ്ങിയത് ശക്തനായ ജനനേതാവ്
2009 ൽ ഇടുക്കി ലോകസഭ മണ്ഡലത്തിൽ നിന്നും പാർലമെന്‍റിലെത്തി. ഇടുക്കി രാജമുടിയിലെ ഉപ്പുതോട് പുതിയ പറമ്പിൽ തോമസിന്‍റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12 നായിരുന്നു ജനനം. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവൺമെന്‍റ് ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. ഉമ തോമസാണ് ഭാര്യ. വിഷ്‌ണു, വിവേക് എന്നിവർ മക്കളാണ്.