എറണാകുളം : വധ ഗൂഢാലോചനക്കേസിൽ ദിലീപിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ പ്രതിഭാഗത്തിന്‍റെ ഓരോ വാദങ്ങളും ഖണ്ഡിച്ച് പ്രോസിക്യൂഷൻ. സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്തവരാണ് പ്രതികൾ. അതിനാൽ ദിലീപിന് മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്ന് ഡിജിപി കോടതിയോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ വിസ്‌താരത്തിൽ ഭയമില്ല. അന്വേഷണ ഉദ്യോസ്ഥനായ ബൈജു പൗലോസിന് സാക്ഷിയായ സംവിധായകൻ ബാലചന്ദ്ര കുമാറിനെ മുൻപരിചയമില്ലെന്നും പ്രതിഭാഗത്തിന്‍റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.
അസാധാരണമായ കേസാണിതെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷന്‍, എന്തുകൊണ്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതെന്നും വിശദീകരിച്ചു. എന്നാൽ ക്രൈം ബ്രാഞ്ച് ഈ കേസ് അന്വേഷിച്ചതിനെക്കുറിച്ച് കാര്യമായി അറിയേണ്ടതില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
ക്രൈംബ്രാഞ്ചും ബാലചന്ദ്ര കുമാറും തമ്മിൽ ഗൂഢാലോചന നടത്തി എന്ന വാദം വസ്‌തുതാവിരുദ്ധമാണ്. 2017ൽ നടന്ന സംഭവത്തിൽ ഗൂഢാലോചന പുറത്തുവരാൻ 4 വർഷം സമയമെടുത്തു. വധശ്രമ ഗൂഢാലോചന പുറത്തുവരാൻ സമയമെടുക്കുക സ്വാഭാവികമാണ്. ഗൂഢാലോചന നടന്നതിന് വ്യക്തമായ തെളിവുണ്ട്. അതുകൂടി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ബാലചന്ദ്രകുമാർ നിയമപ്രകാരം വിശ്വാസയോഗ്യനായ സാക്ഷിയാണ്. ബാലചന്ദ്ര കുമാറിന്‍റെ മൊഴി തന്നെ ഗൂഢാലോചനക്ക് തെളിവാണ്. അന്വേഷണ ഉദ്യോഗസ്ഥന് പണി കൊടുക്കുമെന്ന് പറയുന്നത് എങ്ങനെയാണ് ശാപ വാക്കാകുക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകി എന്നത് ശരിയാണെന്നും തെളിവുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ പ്രധാന ഭാഗങ്ങൾ ഡിജിപി ഹൈക്കോടതിക്ക് മുൻപാകെ വായിച്ചു.പ്രോസിക്യൂഷൻ വാദത്തിനിടെ ദിലീപിന്‍റെ അഭിഭാഷകൻ ഇടപെട്ടതിനെ ഡിജിപി എതിർത്തു. കഴിഞ്ഞ ദിവസം പ്രതിഭാഗം സംസാരിച്ചപ്പോൾ പ്രോസിക്യൂഷൻ തടസപ്പെടുത്തിയില്ലല്ലോ എന്ന് ഡിജിപി ചോദിച്ചു.