കൊച്ചി: ഓണമെത്തിയതോടെ പൂവിപണി ഉണർന്നു. ഒപ്പം പൂവിലയും കുതിച്ചുയർന്നു. മലയാളിക്ക് പൂക്കളം തീർക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പൂക്കൾക്കാണ് പൂവിപണിയില്‍ തീവില. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കൾ കേരളത്തിലേക്ക് എത്തുന്നത്.
പൂവുകളിൽ വെള്ള ജമന്തിയാണ് വിലയുടെ കാര്യത്തിലും ആവശ്യകതയിലും മുന്നിൽ നിൽക്കുന്നത്. ഒരു കിലോ വെള്ള ജമന്തിക്ക് 300 രൂപയാണ് വില. കിലോഗ്രാമിന് 250 രൂപ വിലയുള്ള അരളിയും വാടാമല്ലിയുമെല്ലാം തൊട്ടുപിന്നിലുണ്ട്. മഞ്ഞ ചെണ്ടുമല്ലി, റോസ്, വെൽവെറ്റ് പൂക്കൾക്കും ആവശ്യക്കാർ ഏറെയാണ്. വിലക്കൂടുതൽ കാരണം കൂടുതൽ ആളുകൾ പൂ വാങ്ങാൻ എത്തുന്നില്ലെന്നാണ് കൊച്ചിയിലെ കച്ചവടക്കാരുടെ വിഷമം. പൂക്കൾക്കെല്ലാം വില കൂടിയതിനാൽ പലരും വാങ്ങാതെ മടങ്ങുകയാണ്. വരും ദിവസങ്ങളിൽ കച്ചവടം കൂടുമെന്നാണ് ഇവരുടെ പ്രതീക്ഷ.