എറണാകുളം: ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനായി മുന്നൊരുക്കങ്ങൾ ശക്തം. ഇത്തവണ കനത്ത സുരക്ഷ വലയത്തിലാണ് പുതുവത്സാരാഘോഷ പരിപാടികൾ ക്രമീകരിച്ചത്. ആയിരത്തോളം പൊലീസുകാരെയാണ് സുരക്ഷ ചുമതലയ്ക്കായി നിയോഗിക്കുക.
പപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിൽ വിവിധ ബ്ലോക്കുകളായി തിരിച്ചായിരിക്കും ജനങ്ങളെ പ്രവേശിപ്പിക്കുക. പരേഡ് ഗ്രൗണ്ടിന്‍റെ ഉള്‍ഭാഗം ശക്തമായ രീതിയില്‍ ബാരിക്കേഡിങ് ചെയ്‌ത് നാല് സെഗ്മെന്റുകളായി ഓരോന്നിലേക്കും പ്രവേശിക്കുന്നതിനു പുറത്തു കടക്കുന്നതിനും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
ഓരോ സെഗ്‌മെന്‍റുകള്‍ക്ക് ഇടയിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഗ്രൗണ്ടിന്‍റെ അതിര്‍ത്തികളില്‍ പരമാവധി എക്‌സിറ്റുകള്‍ സ്ഥാപിച്ച് ബാക്കി ഭാഗത്തെ ഫെന്‍സിങ് ശക്തമാക്കും. എല്ലാ എക്‌സിറ്റ് പോയിന്‍റുകളിലും എല്‍ഇഡി എക്‌സിറ്റ് പോയിന്‍റുകള്‍ സ്ഥാപിക്കും (New Year Celebrations 2024).
വിദേശ ടൂറിസ്റ്റുകൾക്കായി പ്രത്യേക സ്ഥലം അനുവദിക്കും. പപ്പാഞ്ഞിയെ കത്തിച്ചതിന് ശേഷവും കലാപരിപാടികൾ തുടരും. രാത്രി ഒരു മണി വരെയായിരിക്കും ഇത്തവണ പുതുവത്സരാഘോഷ പരിപാടികൾ നടക്കുക.
രാത്രി പന്ത്രണ്ട് മണിക്ക് പപ്പാഞ്ഞിയെ കത്തിച്ച ഉടൻ പരിപാടി നിർത്തുന്നത് ജനങ്ങൾ ഒരുമിച്ച് മടങ്ങുന്നതിനും വലിയ തിരക്കിനും കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. കൊച്ചിയിലെ പുതുവത്സരാഘോഷത്തിന്‍റെ തിരക്ക് കുറയ്ക്കാൻ ഫോര്‍ട്ട് കൊച്ചിയെ കൂടാതെ പള്ളുരുത്തി കാര്‍ണിവല്‍, എറണാകുളത്തപ്പന്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് ഡിസംബര്‍ 31ന് വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും.
എല്ലാവരും ഫോര്‍ട്ട്‌കൊച്ചിയിലേക്ക് മാത്രം പോകാതെ കൊച്ചി നഗരത്തിലെ മറ്റ് പരിപാടികളിൽ പങ്കെടുക്കണമെന്നാണ് കൊച്ചി നഗരസഭയും ജില്ല ഭരണകൂടവും ആവശ്യപ്പെടുന്നത്. ഡിസംബര്‍ 31ന് രാത്രി പാപ്പാഞ്ഞിയെ കത്തിക്കുന്ന ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കും. വനിതകളുടെ സുരക്ഷയ്ക്കായി മഫ്‌തിയിലും വനിത പൊലീസിനെ നിയോഗിക്കും. നൂറിലധികം സിസിടിവി ക്യാമറ, വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംഘം, ഫസ്റ്റ് എയ്‌ഡ് സംവിധാനം എന്നിവയും ഒരുക്കും.
ആവശ്യമായ ബയോ ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം എന്നിവ സജ്ജമാക്കും. ബസ് സര്‍വീസിനായി കൊച്ചിന്‍ കോളജ് ഗ്രൗണ്ടില്‍ താത്‌കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും. ഡിസംബര്‍ 31ന് വൈകിട്ട് 4 വരെ മാത്രമെ വൈപ്പിനില്‍ നിന്നും റോ-റോ ജങ്കാര്‍ വഴി ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുകയുളളൂ (Fort Kochi New year).
വൈകിട്ട് 7 വരെ വൈപ്പിനില്‍ നിന്നും ജങ്കാര്‍ വഴി ഫോര്‍ട്ട് കൊച്ചിയിലേക്ക് പൊതുജനങ്ങളെ കടത്തി വിടും. വൈകിട്ട് 7ന് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് റോ-റോ ജങ്കാര്‍ സര്‍വീസും ബോട്ട് സര്‍വീസും ഉണ്ടാകില്ല. രാത്രി 12ന് ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിൻ ഭാഗത്തേക്ക് മാത്രം റോ-റോ സർവീസ് നടത്തും.
ഫോര്‍ട്ട് കൊച്ചിയില്‍ ജനത്തിരക്ക് കൂടിയാല്‍ വൈകിട്ട് 4 ന് മുന്‍പ് തന്നെ സ്വിഫ്റ്റ് ജംഗ്ഷന്‍, തോപ്പുംപടി ബിഒടി പാലം, കണ്ണങ്ങാട്ട്, ഇടക്കൊച്ചി, കുമ്പളങ്ങി-പഴങ്ങാട്, കണ്ടക്കടവ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം ക്രമപ്പെടുത്തും. രാത്രി 12ന് ശേഷം ബസ് സര്‍വീസ് കൊച്ചിന്‍ കോളജ് ഗ്രൗണ്ട് ഭാഗത്ത് നിന്നും നഗരത്തിലേക്ക് ഉണ്ടാകും.
വാഹനങ്ങളുടെ പാര്‍ക്കിങ്, എമര്‍ജന്‍സി റൂട്ട് സംബന്ധിച്ച് കൂടുതല്‍ അറിയിപ്പ് /അടയാള ബോര്‍ഡുകള്‍ എന്നിവ പ്രധാന സ്ഥലങ്ങളിലെല്ലാം സ്ഥാപിക്കും. റോഡ് സൈഡിലും മറ്റുമുള്ള അനധികൃത പാര്‍ക്കിങ് അനുവദിക്കില്ല. അടിയന്തര സാഹചര്യം ഉണ്ടായാല്‍ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിനായി പ്രത്യേക വഴിയും ക്രമീകരിച്ചിട്ടുണ്ട്.
പരേഡ് ഗ്രൗണ്ടില്‍ 2 വാച്ച് ടവര്‍ സ്ഥാപിച്ച് ജനക്കൂട്ടത്തിന്‍റെ അവസ്ഥ നിരീക്ഷിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്നതിന് ചുറ്റും ശക്തമായ രീതിയിലുള്ള ഡബിള്‍ ലെയര്‍ ബാരിക്കേഡ് സ്ഥാപിക്കും. 12 മണിക്ക് മുമ്പ് തന്നെ പുറത്തേയ്ക്കുള്ള യാത്ര സുഗമമാക്കുന്നതിന് എല്ലാ ബാരിക്കേഡുകളും മാറ്റി നിയന്ത്രണങ്ങള്‍ ഒഴിവാക്കും.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും കണ്ടെത്തുന്നതിനായി 31ന് രാവിലെ മുതല്‍ പശ്ചിമ കൊച്ചിയില്‍ കര്‍ശന പൊലീസ് പരിശോധന ഉണ്ടായിരിക്കും. കോസ്റ്റല്‍ പൊലീസിന്‍റെ മുഴുവന്‍ സമയ ബോട്ട് പട്രോളിങ് ഉണ്ടാകും.
ഫോര്‍ട്ട്കൊച്ചി പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള പരേഡ് ഗ്രൗണ്ടിന്‍റെ നാല് വശങ്ങളിലും വെളി ഗ്രൗണ്ട്, വാസ്‌കോ സ്‌ക്വയര്‍, കമാലക്കടവ് എന്നിവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആംബുലന്‍സ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിലും മുഴുവന്‍ സമയം ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ഫിഷറീസ് വകുപ്പിന്‍റെ വാട്ടര്‍ ആംബുലന്‍സ് സേവനവും ഉണ്ടാകും.
പരേഡ് ഗ്രൗണ്ടിന്‍റെ സമീപ പ്രദേശത്തുള്ള ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗ്ഗിള്‍ കെട്ടിടത്തില്‍ താത്‌കാലിക ആശുപത്രി സജ്ജീകരിക്കും. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സഹകരണത്തോടെയാണിത്. ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിലും മറ്റുള്ള മെഡിക്കല്‍ സംഘങ്ങള്‍ക്കൊപ്പവും വിഎച്ച്എഫ് സെറ്റുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും. പരേഡ് ഗ്രൗണ്ടിലും കാര്‍ണിവല്‍ പ്രദേശങ്ങളിലും ആവശ്യമായ ഫയര്‍ ഫോഴ്‌സ് വാഹന സൗകര്യം, സ്‌ക്യൂബ ടീം, ബോട്ട് പട്രോളിങ് എന്നിവയും ഏര്‍പ്പെടുത്തും.
also read: ന്യൂയര്‍ ആഘോഷത്തിന് പ്രവേശനം നിയന്ത്രിക്കും ; മാനവീയം വീഥിയില്‍ സുരക്ഷ ശക്തമാക്കാന്‍ പൊലീസ്