എറണാകുളം: ശവപ്പെട്ടിയുടെ മറവിൽ അഴിമതി നടത്തിയ ബിജെപിയുടെ മാതൃകയാണ് പിപിഇ കിറ്റ് അഴിമതിയിൽ സിപിഎം കാണിച്ചതെന്ന് ഹൈബി ഈഡൻ എം.പി. പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ, എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിപിഇ കിറ്റ് ധരിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് ലോകായുക്തയെ ദുർബലപ്പെടുത്തിയത്. ആരോപണ വിധേയയായ ശൈലജക്കെതിരെ ശക്തമായ നിയമ നടപടി സർക്കാർ സ്വീകരിക്കണം. കേരളത്തിന്‍റെ കൊട്ടിഘോഷിക്കപ്പെട്ട ആരോഗ്യ മോഡൽ അഴിമതി മോഡലായി മാറിയെന്നും ഹൈബി ഈഡൻ കുറ്റപ്പെടുത്തി.
എറണാകുളം ഡിസിസി ഓഫിസ് പരിസരത്തു നിന്നും ആരംഭിച്ച യൂത്ത് കോൺഗ്രസ് മാർച്ച് കണയന്നൂർ താലൂക്ക് ഓഫിസിന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ല ഭാരവാഹികൾ സംബന്ധിച്ചു.