എറണാകുളം: പോപ്പി ഗ്രൂപ്പ് ചെയർമാന്‍ ടി.വി സ്‌കറിയ (81) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11ന് ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ലീവാ പള്ളി സെമിത്തേരിയില്‍ നടക്കും.
പതിനാലാം വയസിൽ പിതാവിനൊപ്പം സെന്‍റ് ജോർജ് കുട കമ്പനിയിൽ തുടക്കം കുറിച്ച അദ്ദേഹം സെന്‍റ് ജോർജ് ബേബി എന്നാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് 1995 ല്‍ സ്വന്തമായി പോപ്പി അമ്പ്രല്ല മാര്‍ട്ട് സ്ഥാപിച്ചു. ഇതോടെ കുട വിപണയിൽ വലിയൊരു മുന്നേറ്റത്തിന് അദ്ദേഹം തുടക്കമിട്ടു. കുട വിപണിയിൽ ഇന്ന് കാണുന്ന പല മാറ്റങ്ങൾക്കും പ്രാരംഭം കുറിച്ചത് ടി.വി സ്‌കറിയ ആയിരുന്നു.
കുടകളിൽ വൈവിധ്യങ്ങള്‍ അവതരിപ്പിച്ച് ഈ വ്യവസായത്തിൽ നിർണായക പേരായി പോപ്പി മാറി. മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട എന്ന പരസ്യ വാചകം മലയാളികള്‍ നെഞ്ചേറ്റിയത് ആ ബ്രാന്‍ഡിനോടുള്ള താത്പര്യത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ്.
1979ല്‍ ടി.വി സ്‌കറിയ കുട ഗുണനിലവാര നിയന്ത്രണ കമ്മിറ്റി ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ടു. 2005 ല്‍ ഓള്‍ ഇന്ത്യ അമ്പ്രല്ല ഫെഡറേഷന്‍ പ്രസിഡന്‍റായി. കുട നിര്‍മാണ മേഖലയിലെ പ്രവര്‍ത്തന മികവിന് 1998ലെ ബിസിനസ് മാൻ ഓഫ് ദ ഇയർ(കേരള) അവാർഡ്, രാജീവ് ഗാന്ധി ക്വാളിറ്റി പുരസ്കാരം, അക്ഷയ അംഗീകാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
പാലാ പടിഞ്ഞാറേക്കര കുടുംബാഗമായ തങ്കമ്മ ബേബിയാണ് ഭാര്യ. ഡെയ്‌സി, ലാലി, ഡേവിസ്, ജോസഫ്(പോപ്പി) എന്നിവർ മക്കളാണ്.