എറണാകുളം: ലോക്‌ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ ഇനി പൊലീസ് കൃഷിപാഠങ്ങൾ കൂടി പഠിപ്പിക്കും. സംസ്ഥാനത്ത് പച്ചക്കറി കൃഷി ഊർജിതമാക്കാനുള്ള കൃഷി വകുപ്പിന്‍റെ ജീവനി പദ്ധതിയുമായി സഹകരിച്ചാണ് പൊലീസിന്‍റെ പുതിയ നീക്കം. നിയമം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൂടാതെ ജീവനി പദ്ധതിയുടെ ഭാഗമായ വിത്ത് പാക്കറ്റുകളും നല്‍കും.
ഈ പദ്ധതിയുടെയും ലോക്‌ഡൗൺ കാലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിമന്‍റെയും ഭാഗമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നതിന്‍റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം എറണാകുളം കലക്ട്രേറ്റിൽ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എറണാകളും, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും. 50 ലക്ഷം വിത്ത് പായ്ക്കറ്റുകളാണ് ഇതിനായി എത്തിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ജില്ലകളിലും വിതരണത്തിനായി വിത്ത് പായ്ക്കറ്റുകള്‍ ലഭ്യമാക്കും. പച്ചക്കറികൃഷി വ്യാപന പദ്ധതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ വിതരണത്തിനുള്ള സര്‍ക്കാര്‍ നിർദേശങ്ങള്‍ പാലിക്കാത്ത റേഷന്‍ കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ അറിയിച്ചു.