എറണാകുളം: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അന്വേഷണം നടത്താനായി എറണാകുളം റൂറൽ പൊലീസിൽ നിന്നുള്ള രണ്ട് സംഘങ്ങൾ ഡൽഹിയിലും ബിഹാറിലുമെത്തി. പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതിക്കെതിരെയുള്ള പോക്‌സോ കേസിനെ കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. 2018ല്‍ ഗാസിപൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇയാള്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിക്കെതിരെയുള്ള ഈ കേസിന്‍റെ വിശദാംശങ്ങള്‍ ഡൽഹിയിലെത്തിയ പൊലീസ് സംഘം നേരിട്ട് ശേഖരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സംഘം ശേഖരിച്ചു. ഇതോടൊപ്പം മത്സ്യ മാർക്കറ്റിലെ ഇയാളുടെ ബന്ധങ്ങളെ കുറിച്ചും അന്വേഷണം നടത്തി.
അസ്‌ഫാക്ക് ആലത്തിനെ വീട്ടില്‍ നിന്നും പുറത്താക്കിയത്: ബിഹാർ അറാറിയ ജില്ലയിലെ ഖോരഗഡിലുള്ള പ്രതിയുടെ വീട്ടിലും പൊലീസ് സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു. മദ്യപാനവും സ്വഭാവ ദൂഷ്യവും കാരണം ശല്യക്കാരനായതോടെ ഇയാളെ വീട്ടിൽ നിന്നും പുറത്താക്കിയതായാണ് വീട്ടുകാർ മൊഴി നൽകിയത്. ഡൽഹിയിൽ നിന്നും ബിഹാറിൽ നിന്നും പ്രതിയെ കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ പൊലീസ് സംഘങ്ങൾ തത്സമയം അന്വേഷണ സംഘത്തിന് കൈമാറുന്നുണ്ട്. ഇതനുസരിച്ചാണ് അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്‌ച ഉച്ചവരെയാണ് പ്രതിയെ പോക്സോ കോടതി കസ്റ്റഡിയിൽ വിട്ടത്. സംഭവം നടന്ന ആലുവ മാർക്കറ്റിൽ പ്രതിയെ രണ്ട് തവണ എത്തിച്ച് തെളിവെടുത്തിരുന്നു.
അഞ്ചുവയസുകാരി നേരിട്ടത് കൊടും ക്രൂരത: ആലുവ തായിക്കാട്ടുക്കരയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ അഞ്ചു വയസുകാരിയായ മകളെയാണ് അസ്‌ഫാക്ക് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ജൂലൈ 28നാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കാണാതായ കുട്ടിയ്‌ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നപ്പോള്‍ കുടുംബം വൈകുന്നേരത്തോടെ പൊലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ചതിന് പിന്നാലെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അസ്‌ഫാക്ക് ആലം കുട്ടിയെ കൂട്ടിക്കൊണ്ടു പോയതായി കണ്ടെത്തി. അസ്‌ഫാക്കിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയെന്നാണ് പ്രതി മൊഴി നല്‍കിയത്. ഇതിനിടെ ജൂലൈ 29നാണ് കുട്ടിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്നും കണ്ടെത്തിയത്. മാര്‍ക്കറ്റിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അസ്‌ഫാക്ക് ആലത്തിനെതിരെയുള്ള പോക്‌സോ കേസ്: പ്രതി അസ്‌ഫാക്ക് ആലത്തിനെതിരെ 2018ല്‍ പോക്‌സോ കേസുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗാസിപൂര്‍ പൊലീസാണ് അസ്‌ഫാക്ക് ആലത്തിനെ അറസ്റ്റ് ചെയ്‌തത്. ഒരു മാസം ഡല്‍ഹി ജയിലില്‍ തടവില്‍ കഴിയുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയുമായിരുന്നു. ആലുവ കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ വിരലടയാളം നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക് (എൻസിആർബി) കൈമാറി നടത്തിയ പരിശോധനയിലാണ് ക്രിമിനൽ പശ്ചാത്തലം തിരിച്ചറിഞ്ഞത്.