എറണാകുളം: കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനായി ഓരോ കൃഷി ഭവനിലും ഒരു മൂല്യ വർധിത ഉത്പന്നം ഒരുക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കടമക്കുടി-വരാപ്പുഴ ജൈവ പൊക്കാളി ഐസിഎസ് സംഘടിപ്പിച്ച പൊക്കാളി കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ ഉൽപ്പന്നത്തിനും പ്രത്യേക വിപണന സൗകര്യം ഒരുക്കണം. അതിനായി പാക്കേജിങ് ഉൾപ്പെടെ മെച്ചപ്പെടണം. കാർഷിക ഉൽപ്പന്ന പ്രചാരണത്തിനായി പൊതുജന സ്വകാര്യ പങ്കാളിത്തത്തോടെ പ്രത്യേക കമ്പനി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിയിലേക്ക് ജനങ്ങളെ മടക്കി കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ നടപ്പാക്കിയ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 25642 കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു.
ലോകബാങ്കിന്‍റെ സഹായത്തോടെ കാർഷിക മൂല്യ വർധിത മിഷൻ രൂപീകരിക്കും. ഇതിനായി 1400 കോടി രൂപ ലോകബാങ്ക് സഹായം ലഭിക്കും. പൊക്കാളി ഉൾപ്പെടെയുള്ള ഉത്പന്നങ്ങളോട് പൊതുജനങ്ങളുടെ മനോഭാവം മാറണം.
പൊക്കാളി പോലുള്ളവയ്ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്. ആചാര അനുഷ്‌ഠാനങ്ങളുടെ ഭാഗമായ അരി പരമാവധി ഇടങ്ങളിൽ ഉത്പാദിപ്പിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി പാടത്തേക്ക് ഇറങ്ങി കൊയ്ത്ത് നടത്തി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്‌തു.