എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചിയിൽ ഊഷ്‌മള സ്വീകരണം. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് (PM Modi visit in Ernakulam) എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്‌മള സ്വീകരണം നൽകി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ന് വൈകിട്ട് 6.50 നാണ് അദ്ദേഹം എത്തിയത്.
തുടർന്ന് ഏഴു മണിയോടെ ഹെലികോപ്‌ടറിൽ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രയായി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവ്ദേക്കര്‍ എം.പി, ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്‌ടര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന എന്നിവരും പാർട്ടി പ്രതിനിധികളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലെത്തിയിരുന്നു.
പ്രധാനമന്ത്രിയെ കാണാന്‍ കാത്ത് നിന്ന് പതിനായിരിക്കണക്കിന് ബിജെപി പ്രവര്‍ത്തകരുടെ ഇടയിലേക്ക് ഒരു കിലോമീറ്ററോളം നീണ്ട് റോഡ് ഷോയും പ്രധാനമന്ത്രി നടത്തി. എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് പ്രധാനമന്ത്രി ഇന്ന് തങ്ങുക. നാല് ജില്ലകളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഷോയ്ക്ക് എത്തിയിരുന്നത്.