എറണാകുളം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുള്‍ സത്താറിനെ കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. എൻ.ഐ.എയുടെ അപേക്ഷ പരിഗണിച്ച് കൊച്ചി എൻ ഐ എ കോടതിയാണ് അഞ്ചുദിവസത്തെ കസ്റ്റഡി അനുവദിച്ചത്. നിലവിൽ സത്താർ കാക്കനാട് ജില്ല ജയിലിൽ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
കൊച്ചിയിൽ രജിസ്റ്റർ ചെയ്‌ത കേസില്‍ മൂന്നാം പ്രതിയാണ് അബ്‌ദുള്‍ സത്താർ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതിലും സമൂഹ മാധ്യമങ്ങൾ വഴി തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ ചേർത്തതിലും സത്താറിന് പങ്കുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ.
യുഎപിഎ നിയമത്തിലെ 13, 18, 19, 38, 39 വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്. ഇതേ കേസിൽ നേരത്തെ റിമാന്‍ഡിലായ പ്രതികൾക്കെതിരെ ചൂണ്ടിക്കാട്ടിയ അതീവ ഗുരുതര ആരോപണങ്ങൾ സത്താറിനെതിരെയും എൻഐഎ ഉന്നയിച്ചിരുന്നു. വിവിധ മതങ്ങളിലും ഗ്രൂപ്പുകളിലുമുള്ളവർ തമ്മിൽ ശത്രുത സൃഷ്‌ടിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തി.
പൊതുസമാധാനം തകർക്കാനും രാജ്യത്തിനെതിരെ അതൃപ്‌തി ഉളവാക്കാനുമുള്ള ഉദ്ദേശ്യത്തോടെയുള്ള ക്രിമിനൽ ബലപ്രയോഗത്തെ ന്യായീകരിക്കുന്ന ബദൽ നീതിന്യായ സംവിധാനം സൃഷ്‌ടിച്ചു. രാജ്യത്തെ യുവാക്കളെ അല്‍ ഖ്വയ്‌ദ, ലഷ്‌കര്‍ ഇ തൊയ്ബ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും പ്രേരിപ്പിച്ചു.
പ്രതികൾ സംഘടിത കുറ്റകൃത്യങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ആവർത്തിച്ച് സജീവമായി പങ്കാളികളായി. സമൂഹത്തിലെ മറ്റ് മതവിഭാഗങ്ങളെ ഭയപ്പെടുത്തുകയും പൊതുസമൂഹത്തിൽ ഭീതി സൃഷ്‌ടിക്കുകയും ചെയ്‌തു. അതിനാല്‍ പ്രതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കൊച്ചിയിൽ രജിസ്‌റ്റര്‍ ചെയ്‌ത യുഎപിഎ കേസിൽ നിലവിൽ പതിനൊന്നുപേർ റിമാന്‍ഡില്‍ കഴിയുകയാണ്. പോപ്പുലർ ഫ്രണ്ട് നേതാക്കൾ കൂട്ടത്തോടെ പിടിയിലായതിന് പിന്നാലെയാണ് സത്താർ ഒളിവിൽ പോയത്.
കരുനാഗപ്പള്ളിയിൽ നിന്ന് പിടിയിലായ അബ്‌ദുൾ സത്താറിനെ പൊലീസ് എൻ.ഐ.എ ക്ക് കൈമാറുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്‌റ്റിന് പിന്നാലെ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തതിനും സത്താറിനെതിരെ പോലീസ് കേസെടുത്തിരുന്നു.