എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ചെരുപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം തടയുന്നതില്‍ വെല്ലുവിളിയായത് കെട്ടിടത്തിന്‍റെ നിര്‍മാണ രീതിയാണ്. ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത രീതിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പെര്‍മിറ്റില്‍ വ്യത്യാസം വരുത്തിയാണോ കെട്ടിടം നിര്‍മിച്ചതെന്ന് പരിശോധിക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയ്ൻ. തീ നിയന്ത്രണ വിധേയമാണെന്നും മേയര്‍ പറഞ്ഞു.
രാവിലെ പതിനൊന്ന് മണിയോടെയാണ് ആറ് നില കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നത്. തീ പടര്‍ന്ന സമയത്ത് 28 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പുക ശ്വസിക്കുന്നത് അപകടകരമായതിനാല്‍ സമീപവാസികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.