എറണാകുളം: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികൾക്കെതിരായ തെളിവുകൾ പരിഗണിക്കാതെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചതെന്നാണ് എൻഐഎയുടെ പ്രധാനം വാദം. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം പരിഗണിച്ചില്ലെന്നും അലനും താഹയ്ക്കും ജാമ്യം നൽകുന്നത് ഇത്തരം സംഘടനകളുടെ പ്രവർത്തനത്തിന് പ്രചോദനമാകുമെന്നും ഹർജിയിൽ എൻഐഎ ചൂണ്ടിക്കാണിച്ചിരുന്നു. യുഎപിഎ ചുമത്തുന്നതിന് ആവശ്യമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്.
പത്ത് മാസത്തിന് ശേഷമാണ് കഴിഞ്ഞ സെപ്റ്റംബറിൽ പന്തീരാങ്കാവ് യുഎപിഎ കേസിൽ, അലൻ ഷുഹൈബിനും താഹ ഫസലിനും കൊച്ചി എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഐഎ ഹൈക്കോടതിയെ സമീപിച്ചത്.