എറണാകുളം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലൻ ശുഹൈബിനും താഹ ഫസലിനും പത്തു മാസത്തിന് ശേഷം കൊച്ചിയിലെ എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.
ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും മാവോയിസ്റ്റ് സംഘടനകളുമായി യാതൊരു ബന്ധവും പാടില്ലെന്ന് കോടതിയുടെ നിബന്ധനയില്‍ പറയുന്നു. ഇരുവരുടേയും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. കൂടാതെ മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നേരത്തെ വിശദമായ വാദം കേട്ടതിന് ശേഷമാണ് വിദ്യാർഥികളായ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷയെ എൻഐഎ ശക്തമായി എതിർത്തിരുന്നു. മഞ്ചക്കൽ ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റുകളുടെ മൃതശരീരത്തിൽ നിന്നും കണ്ടെത്തിയ പുസ്‌തകവും പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെത്തിയ പുസ്‌തകവും ഒരേ തരത്തിലുള്ളതാണ്. രഹസ്യ യോഗം ചേർന്നതായി വ്യക്തമാക്കുന്ന പുസ്‌തകവും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ സൂചിപ്പിച്ച 'ജി' അജണ്ടയെന്നത് ഗറില്ല യുദ്ധത്തെയാണ് സൂചിപ്പിക്കുന്നത്. ജാമ്യം നൽകിയാൽ പ്രതികള്‍ ഒളിവിൽ പോകുമെന്നതിൽ സംശയമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും അനാവശ്യമായി കസ്റ്റഡിയിൽ വെക്കുകയാണെണും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.