കൊച്ചി: മുതിർന്ന പൗരൻമാർക്ക് വേണ്ടി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറുവട്ടൂരിൽ നിർമ്മിച്ച പകൽ വീട് കാടുകയറി നശിക്കുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന ഈ കെട്ടിടം ഉടൻ തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെറുവട്ടൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് നിർമിച്ച പകൽ വീട് നിർമാണ ഘട്ടം മുതൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. 9 ലക്ഷം രൂപ ചിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പിന്നിലായി പത്തടി താഴ്ചയിലാണ് പകൽ വീട് നിർമിച്ചിരിക്കുന്നത്. അശാസ്ത്രീയമായി പണിത ഈ കെട്ടിടത്തിൽ പ്രായമായവരെ വീൽ ചെയറിൽപ്പോലും എത്തിക്കാൻ കഴിയില്ലെന്നാണ് ആരോപണം. 400 സ്ക്വയർഫീറ്റ് മാത്രമുള്ള ഈ കെട്ടിടത്തിന് 9 ലക്ഷം രൂപ ചെലവഴിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ആരോപണമുയർന്നിരിക്കുന്നത്.
ഒരു വർഷം മുമ്പ് കെട്ടിടം പണി പൂർത്തിയായെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല. വഴിപോലും ഇല്ലാത്ത പകൽ വീടിന്‍റെ നിർമാണം അഴിമതി നിറഞ്ഞതാണെന്നും എത്രയും വേഗം പ്രശ്ന പരിഹാരം ഉണ്ടാക്കി മന്ദിരം തുറന്നു പ്രവർത്തിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. എന്നാൽ പകൽ വീടിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിർമാണ ജോലികൾ പൂർത്തിയാക്കി പകൽ വീട് ഉടനെ തുറന്നു കൊടുക്കുമെന്നാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.