തിരുവനന്തപുരം : പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങൾ സംപ്രേഷണം ചെയ്‌ത് സഭ ടിവി. വിലക്കയറ്റം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെയാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രസംഗത്തെ മന്ത്രിമാരടക്കം നിരന്തരം തടസപ്പെടുത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.
എല്ലാ മന്ത്രിമാർക്കും വഴങ്ങാൻ കഴിയില്ലെന്നും വാക്കൗട്ട് പ്രസംഗം സ്ഥിരമായി തടസപ്പെടുത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഈ ദൃശ്യങ്ങളാണ് സഭ ടിവി സംപ്രേഷണം ചെയ്‌തത്.
സ്‌പീക്കർക്ക് കത്തയച്ച് പ്രതിപക്ഷം : കഴിഞ്ഞ സമ്മേളനം വരെ സഭ ടിവിയിൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്‌തിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സഭാ ടിവിയുമായുള്ള സഹകരണം അവസാനിപ്പിച്ചതായി വരെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ചാനൽ കമ്മിറ്റിയിൽ നിന്ന് ആബിദ് ഹുസൈൻ തങ്ങൾ, എം.വിൻസെൻ്റ്, മോൻസ് ജോസഫ്, റോജി എം ജോൺ എന്നീ എംഎൽഎമാരും രാജിവച്ചിരുന്നു.
പ്രതിഷേധങ്ങൾ സംപ്രേഷണം ചെയ്യാത്തത് സംബന്ധിച്ച് സ്‌പീക്കർക്ക് പ്രതിപക്ഷം പരാതി നൽകിയിരുന്നു. എന്നാൽ സ്‌പീക്കറുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിനാലാണ് ബഹിഷ്‌കരണത്തിലേക്ക് നീങ്ങാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. പിന്നാലെ സ്‌പീക്കർക്കടക്കം പ്രതിപക്ഷം ഇക്കാര്യത്തിൽ കത്ത് നൽക്കുകയും ചെയ്‌തിരുന്നു.
നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടിവി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്‌പീക്കര്‍ക്ക് കത്ത് നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും കത്തിൽ വ്യക്‌തമാക്കിയിരുന്നു.
പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാരിന്‍റെ സ്വന്തം ചാനല്‍ എന്ന രീതിയില്‍ സഭ ടിവി പ്രവര്‍ത്തിക്കുന്നത് ഇനിയും അനുവദിക്കാനാകില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്ന സാഹചര്യത്തില്‍ പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും സീറ്റില്‍ നിന്നെഴുന്നേറ്റപ്പോള്‍ മാത്രമാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സഭ ടിവി തയാറായത്.
ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും പാര്‍ലമെന്‍ററി ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയുമാണ്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാരിന്‍റെ സ്വന്തം ചാനല്‍ എന്ന രീതിയില്‍ സഭ ടിവി പ്രവര്‍ത്തിക്കുന്നത് ഇനിയും അനുവദിക്കാനാകില്ലെന്നും സംഭവത്തിൽ സ്‌പീക്കറുടെ ഇടപെടലുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നതായും വിഡി സതീശന്‍ കത്തില്‍ പറഞ്ഞിരുന്നു.
തുടർന്ന് ഈ മാസം 7ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധമുണ്ടായാൽ സഭ ടിവി വഴി കാണിക്കുമെന്നും അതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്‌പീക്കർ എഎൻ ഷംസീർ വ്യക്‌തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് സഭയിലെ പ്രതിഷേധങ്ങൾ സംപ്രേഷണം ചെയ്‌തത്.
ALSO READ : 'നിയമസഭ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെ മാറ്റിയത് സഭ ടിവിയുടെ വളർച്ചക്ക്': സ്‌പീക്കർ എഎന്‍ ഷംസീർ