എറണാകുളം: കേരളത്തിൽ ബക്രീദിന് ഇളവുകൾ അനുവദിച്ചതിനെതിരായ കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്‌വിയുടെ വിമർശനത്തെ തള്ളി ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാർ ബക്രീദിന് ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചതിൽ തെറ്റില്ല. ഒരു വലിയ വിഭാഗത്തിൻ്റെ വിശ്വാസവുമായി ബന്ധപ്പെട്ട ദിവസമാണ് ബക്രീദെന്നും ഇളവുകൾ ദുരുപയോഗം ചെയ്യില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കൊടകര കുഴൽ പണക്കേസ്, ബിനീഷ് കോടിയേരിയുടെ കേസ്, മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ച തീരുമാനം എന്നിവയെ കുറിച്ച് അഭിപ്രായം പറയുന്നില്ല. സംഭവങ്ങൾ കൂട്ടിച്ചേർത്ത് വായിക്കുന്നതിൽ താൻ സമർത്ഥനല്ലെന്നും അത് സംബന്ധിച്ച കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും അഭിപ്രായം കോൺഗ്രസ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് മുന്നണിയിൽ അഭിപ്രായ വിത്യാസമില്ല. കെ.പി.സി.സി പ്രസിഡന്‍റ് തന്നെ ഈ കാര്യം ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി കൊച്ചിയിൽ മാധ്യങ്ങളോട് പ്രതികരിച്ചു.
മനു അഭിഷേക് സിങ്‌വിയുടെ ട്വീറ്റ്
പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി കൊവിഡ് നിയന്ത്രണങ്ങള്‍ ഇളവ് നല്‍കിയ കേരള സർക്കാരിന്‍റെ നടപടി തീർത്തും ദൗർഭാഗ്യകരമായിപ്പോയെന്നും കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്നുമായിരുന്നു മനു അഭിഷേക് സിങ്‌വിയുടെ ട്വീറ്ററിലൂടെയുള്ള വിമർശനം.
വിമർശനം ഉന്നയിച്ച് വിഎച്ച്പിയും
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തിയ തീരുമാനം രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് വലിയ വെല്ലുവിളിയാകുമെന്ന് വിഎച്ച്പി വർക്കിങ് പ്രസിഡന്‍റ് അലോക് കുമാർ പ്രതികരിച്ചിരുന്നു. കൊവിഡ് മൂന്നാം തരംഗ സാധ്യത മുന്നിൽക്കണ്ട് ഉത്തർപ്രദേശ് സർക്കാർ കൻവാർ യാത്ര റദ്ദാക്കിയെന്നും കേരളത്തിന്‍റെ തീരുമാനം ആരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം ഞായറാഴ്‌ച പ്രതികരിച്ചു.
READ MORE: കൻവാർ തെറ്റെങ്കില്‍ ഈദും തെറ്റ്; കേരളത്തിനെ വിമർശിച്ച് മനു അഭിഷേക് സിങ്‌വി