എറണാകുളം: ഉള്ളിവില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഉള്ളി വിലവർധന വിപണിയിലെ വ്യതിയാനവുമായി ബന്ധപ്പെട്ടതാണെന്നും ഉൽപാദനം കുറയുമ്പോൾ വില കൂടുകയും കുറയുകയും ചെയ്യുന്നത് സ്വാഭാവികമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. ഉള്ളി ഉൽപാദനമുള്ള തമിഴ്നാട്ടിൽ 180 രൂപ വില ഉള്ളപ്പോൾ കേരളത്തിൽ 140 രൂപക്ക് ഉള്ളി കിട്ടുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഉള്ളി വില വർധനവ് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എറണാകുളം ഇടതു സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച അഡ്വ. മനു റോയിയാണ് ഉള്ളി വിലയിൽ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.