എറണാകുളം: കൊച്ചിയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിനിയായ 30 വയസുകാരിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ രോഗത്തിന്‍റെ ചികിത്സക്കായി മെയ് ആറിന് റോഡ് മാർഗമാണ് ഇവർ കേരളത്തിലെത്തിയത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു.
രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ നാലിന് ശേഷം ആദ്യമായാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. മാർച്ച് ഒമ്പത് മുതൽ ഏപ്രിൽ നാല് വരെയുള്ള തിയതികളിൽ 25 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ മെയ് ഒന്നായപ്പോൾ ജില്ല കൊവിഡ് മുക്തി നേടി. തുടർന്ന് എറണാകുളം ഗ്രീൻ സോൺ പട്ടികയിലാണുള്ളത്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ല ഓറഞ്ച് സോണിലേക്ക് മാറുകയും നിയന്ത്രണങ്ങൾ ശക്തമാവുകയും ചെയ്യും.
ജില്ലയിൽ ഇന്ന് 361 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 820 ആയി. ഇതിൽ പത്ത് പേർ രോഗസാധ്യത കൂടിയവരാണ്. ഇതുവരെ 1280 പേരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും റോഡ് മാർഗം എറണാകുളത്ത് എത്തിയത്. ഇതിൽ റെഡ് സോൺ മേഖലകളിൽ നിന്നെത്തിയ 160 പേരെ പാലിശ്ശേരി എസ്.സി എം.എസ് ഹോസ്റ്റൽ, കളമശേരിയിലെയും കാക്കനാട്ടെയും രാജഗിരി കോളജ് ഹോസ്റ്റലുകൾ, എന്നിവിടങ്ങളിലെ കൊവിഡ് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇന്ന് പത്ത് പേരെ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു.