എറണാകുളം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസനെതിരെ വീണ്ടും പീഡന പരാതി. മോൻസൻ പീഡിപ്പിച്ചതായി മറ്റൊരു യുവതി കൂടി പരാതി നൽകി. മോൻസൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോള്‍ പീഡിപ്പിച്ചു എന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തും.
വേലക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസെനെതിരെ പോക്സോ കേസ് നിലവിലുണ്ട്. ഈ കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിരുന്നു. പുതിയ പീഢന പരാതിയിലും അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കും.
ALSO READ : മുല്ലപ്പെരിയാറിൽ രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു
അതേസമയം പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്‍റ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷന്‍റെ(ഡി.ആർ.ഡി.ഒ) പേരിൽ വ്യാജരേഖ ഉണ്ടാക്കിയെന്ന കേസിൽ മോൻസനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കോടതിയിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി. ഇറിഡിയം കൈവശം വയ്ക്കാൻ അനുമതിയുണ്ടെന്ന് തെളിയിക്കുന്നതിന് മോൻസൺ വ്യാജരേഖ നിർമിച്ചതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഡി.ആർ.ഡി.ഒയിലെ ഗവേഷകരുടെ വ്യാജ ഒപ്പും സീലും ഇതിനുവേണ്ടി നിർമിച്ചിരുന്നു.
അതേസമയം മോൻസൻ മാവുങ്കലിനെ കോടതി റിമാന്‍റ് ചെയ്‌തു. എറണാകുളം എ.സി.ജെ.എം കോടതിയാണ് നവംബർ മൂന്ന് വരെ റിമാന്‍റ് ചെയ്‌തത്. കിളിമാനൂർ സ്വദേശി സന്തോഷിന്‍റെ പരാതിയിൽ റജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്.