എറണാകുളം: വളപട്ടണം ഐ എസ് റിക്രൂട്ട്‌മെന്‍റ് കേസിൽ കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ എൻ.ഐ.എ കോടതി വിധിച്ചു. ഒന്നാം പ്രതി മിഥിലാജ്, അഞ്ചാം പ്രതി ഹംസ എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി 21 വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ വിവിധ ശിക്ഷകൾ ഒരുമിച്ച് ഏഴ് വർഷം തടവ് അനുഭവിച്ചാൽ മതിയാകും.
രണ്ടാം പ്രതി അബ്‌ദുൾ റസാഖിന് വിവിധ വകുപ്പുകളിലായി 12 വർഷം തടവും നാല്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ ഒന്നിച്ച് ആറ് വർഷം തടവ് അനുഭവിച്ചാൽ മതി. പ്രതികൾ പിഴയടച്ചില്ലങ്കിൽ മൂന്ന് വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
വിധിയെ സ്വാഗതം ചെയ്യുന്നതായി എൻ ഐ എ പ്രോസിക്യൂട്ടർ പി.ജി മനു പറഞ്ഞു. 15 പേരെ തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്‌ച(12.07.2022) കോടതി കണ്ടെത്തിയിരുന്നു. ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു, ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സിറിയയിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു, മറ്റുള്ളവരെ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചെയ്‌തത്.
കൂടാതെ പ്രതികള്‍ക്ക് എതിരെ ചുമത്തിയ യു.എ.പി.എയും രാജ്യത്തിന് എതിരെ യുദ്ധത്തിന് പദ്ധതിയിടല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ പ്രതികൾക്കുള്ള പങ്കാണ് കോടതിക്ക് വ്യക്തമായത്. കണ്ണൂർ വളപട്ടണം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്. 2017ല്‍ എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
2017 ഒക്‌ടോബർ 25 നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ 234 രേഖകള്‍ സമര്‍പ്പിക്കപ്പെട്ടു. 143 സാക്ഷികളെയും കോടതി വിസ്‌തരിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി കസ്റ്റഡിയില്‍ കഴിയുന്ന സാഹചര്യത്തിൽ ശിക്ഷാ കാലയളവിൽ നിന്നും ഇത്രയും വർഷം കഴിഞ്ഞുള്ള കാലയളവ് മാത്രമായിരിക്കും പ്രതികൾ ജയിലിൽ കഴിയേണ്ടി വരിക.