എറണാകുളം: പാലാ സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ആവർത്തിച്ച് സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ മാസ്റ്റർ. മത്സരിച്ചു വിജയിച്ച സീറ്റിൽ ആ പാർട്ടി തന്നെ മത്സരിക്കുകയെന്നതാണ് ഇടതുമുന്നണിയുടെ തീരുമാനം. സിറ്റിങ് സീറ്റ് ഉപേക്ഷിക്കുന്ന നിലപാട് ഒരു പാർട്ടിയും സ്വീകരിക്കാറില്ല. പാലാ സീറ്റുമായി ബന്ധപ്പെട്ട് തങ്ങളാരും പ്രശ്‌നം ഉന്നയിച്ചിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
ഒരു ജനാധിപത്യ പാർട്ടിയായ എൻസിപിയിൽ പാലാ സീറ്റുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ടാകാം. എന്നാൽ എൻസിപി ഒരു അഖിലേന്ത്യാ പാർട്ടിയാണ്. സ്വാഭാവികമായി നയപരമായി കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുമ്പോൾ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കുക. കേന്ദ്രം എടുക്കുന്ന തീരുമാനം ഞങ്ങളുടേതുമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി തീരുമാനം അനുസരിച്ചായിരിക്കും മുന്നോട്ടുപോകുക. കേന്ദ്ര നേതൃത്വവുമായി ഇതുവരെ വിഷയം ചർച്ച ചെയ്‌തിട്ടില്ല. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. പുതുതായി എൽഡിഎഫിലേക്ക് വന്ന ജോസ് വിഭാഗത്തിന് പാല സീറ്റ് വിട്ട് നൽകേണ്ടിവരുമെന്ന ചർച്ച ഉയർന്ന വേളയിൽ തന്നെ തങ്ങൾ അതിനെ എതിർത്തിരുന്നു. പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് എൽഡിഎഫിനെ നേരത്തെ തന്നെ അറിയിച്ചതാണെനും ടി.പി. പിതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
140 മണ്ഡലങ്ങളിൽ മറ്റ് എവിടെ വേണമെങ്കിലും ജോസ് കെ. മാണി മത്സരിക്കട്ടെ. അങ്ങനെ ഏതെങ്കിലുമൊരു സീറ്റ് നൽകാമെന്ന് ധാരണയിലൊന്നുമല്ല ആ പാർട്ടി മുന്നണിയ്‌ക്കൊപ്പം ചേർന്നതെന്നും പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു. പാലായിലെ സീറ്റുമായി ബന്ധപ്പെട്ട് മുന്നണിയിലോ തങ്ങളുമായോ ഒരു ചർച്ചകളും നടന്നിട്ടില്ല. മറിച്ചുള്ള വാർത്തകൾ വസ്‌തുത ഇല്ലാത്തതാണ്. യുഡിഎഫുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല.
ഇടതുപക്ഷ മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്ത പാർട്ടിയാണ് എൻസിപി. അതുകൊണ്ടു തന്നെ അർഹമായ പരിഗണന പാർട്ടിക്ക് ലഭിക്കേണ്ടതുണ്ട്. പാലാ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല. മുന്നണി വിട്ടുപോകില്ലന്ന് ചിന്തിക്കുമ്പോൾ ആ പരിഗണന പാർട്ടിക്കും കിട്ടണമെന്നും ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു.