എറണാകുളം: ലൈംഗികാതിക്രമ കേസില്‍ സാഹിത്യകാരൻ സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ കക്ഷി ചേരാന്‍ ദേശീയ വനിത കമ്മിഷൻ ഹൈക്കോടതിയിൽ അപേക്ഷ നല്‍കി. കോഴിക്കോട് നന്ദി കടപ്പുറത്ത് വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന രണ്ടാമത്തെ കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെയാണ് വനിത കമ്മിഷന്‍റെ ഇടപെടല്‍. പരാതിക്കാരിയുടെ വസ്‌ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ നിരീക്ഷണം നീക്കം ചെയ്യണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
കീഴ്‌ക്കോടതിയില്‍ നിന്നുണ്ടായ ഇത്തരം പരാമർശം സ്ത്രീ സമൂഹത്തെയാകെ അപമാനിച്ചുകൊണ്ടാണെന്നും അതിനാൽ സർക്കാർ അപ്പീലിനെ പിന്തുണയ്ക്കുന്നതായും വനിത കമ്മിഷന്‍റെ കക്ഷി ചേരൽ അപേക്ഷയിൽ പറയുന്നു. യുവതിയുടെ ഭരണഘടന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്‌ക്കോടതിയുടെ വിവാദ നിരീക്ഷണമെന്നായിരുന്നു ഹർജിയിൽ സർക്കാരിന്‍റെ വാദം. ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആദ്യ കേസിലും മുൻകൂർ സിവിക് ചന്ദ്രന്‍റെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് സർക്കാർ ഹർജി നൽകിയിരുന്നു.