വികസന പ്രഖ്യാപനങ്ങളോടെ കൊച്ചി കോർപ്പറേഷൻ 2019 -20 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. സ്മാർട്ട് സിറ്റി പദ്ധതി , സ്മാർട്ട് റോഡ്, ഇ-ഓട്ടോറിക്ഷകൾ തുടങ്ങി കൊച്ചിയെ നവീകരിക്കുന്ന പദ്ധതികളാണ് പുതിയ ബജറ്റിൽ പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്.
സാമ്പത്തികരംഗത്ത് ആവിഷ്കരിച്ച പദ്ധതികൾ ഫലപ്രാപ്തിയിൽ എത്തിക്കുക എന്നതായിരിക്കും കൗൺസിലിന്‍റെപ്രധാന ലക്ഷ്യം. തടസ്സമില്ലാത്ത ഗതാഗതത്തിനായി നഗരത്തിലെ മെട്രോ റോ റോ, സിറ്റി ബസ് മറ്റു പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയവ ബന്ധിപ്പിച്ചുകൊണ്ട് ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ബജറ്റില്‍ നിർദേശം നൽകി. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള പഠനങ്ങൾ അടക്കമുള്ള വിവിധ പ്രവർത്തനങ്ങൾക്കായി കൊച്ചി മുനിസിപ്പൽ കോർപറേഷൻ ഈ സാമ്പത്തിക വർഷം എട്ടുകോടി രൂപ ചെലവഴിക്കും. കുടിവെള്ള വിതരണ രംഗത്തെ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായി 90 കോടി രൂപ ചെലവഴിക്കും.
ബ്രഹ്മപുരത്ത് കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 105 ഏക്കർ ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ബജറ്റിൽ നിർദേശമുണ്ട്. ബ്രഹ്മപുരം പ്ലാന്റ് പ്രദേശത്തിന് ചുറ്റും ഗ്രീൻ ബെൽട്ടും ശാസ്ത്രീയ ഡ്രൈനേജ് സംവിധാനവും ഒരുക്കും. പരസ്യ ബോർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ശക്തമായ സംവിധാനം കൊണ്ടുവരാനും ബജറ്റിൽ പദ്ധതി ഉണ്ട്. മത്സ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് ഈ സാമ്പത്തികവർഷം നാലുകോടി രൂപ ചെലവഴിക്കും. സ്മാർട്ട് സിറ്റീസ് പദ്ധതിയുടെ നടത്തിപ്പിനായി അഞ്ചു കോടി രൂപ അനുവദിക്കും.
പൊതു ടോയലറ്റ് നിർമാണത്തിനും നവീകരണത്തിനുമായി മൂന്നുകോടി രൂപ ചെലവഴിക്കും. കൂടാതെ നഗരത്തിലെ എല്ലാ പ്രധാനകേന്ദ്രങ്ങളിലും സ്ത്രീസൗഹൃദ ശുചിമുറികൾ നിർമിക്കാനും പദ്ധതിയുണ്ട്. കൊച്ചി ഇ മൊബിലിറ്റി ആക്ഷൻ പ്ലാൻ, ഫോർട്ട് കൊച്ചി മട്ടാഞ്ചേരി സീംലസ് മൊബിലിറ്റി എന്നീ പദ്ധതികൾ ജർമ്മൻ പങ്കാളിത്തത്തോടെ നടപ്പാക്കും.
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)
എന്നാൽ ഇത് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് ആണെന്നും നഗരവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പഠിച്ച് പരിഹാരം കാണാൻ കഴിയാത്ത തരത്തിലുള്ള ബജറ്റ് അവതരണമാണ് ഇന്ന് നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. നേരത്തെ ബജറ്റ് അവതരിപ്പിക്കാൻ മേയർ എത്തിയതോടെ പ്രതിപക്ഷം മുദ്രാവാക്യവുമായി ബഹളമുണ്ടാക്കിയിരുന്നു. കൊച്ചി നഗരത്തിൽ പുക പടരുന്നതും നിരന്തരം തീപിടുത്തം ഉണ്ടാവുന്നതും ആരോപിച്ചായിരുന്നു പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചത്.