എറണാകുളം: പുരാവസ്‌തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസിലായിരുന്നു മോൻസൺ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷയില്‍ ഇന്നലെ (വ്യാഴം) വാദം പൂര്‍ത്തിയായിരുന്നു. മോന്‍സന്‍റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ക്രിമിനൽ കേസുകളിൽ കൂടി ഉൾപ്പെട്ട പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന ക്രൈംബ്രാഞ്ചിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
READ MORE: പുരാവസ്‌തു - സാമ്പത്തിക തട്ടിപ്പ് : മോന്‍സൺ മാവുങ്കൽ ജുഡീഷ്യൽ കസ്റ്റഡിയിൽ
ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവാസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മോന്‍സണെ ഈ മാസം 20 വരെയായിരുന്നു റിമാന്‍ഡ് ചെയ്തത്. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ഒമ്പത് ദിവസമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ മോൻസമെ ചോദ്യം ചെയ്തത്.
ഇടപാടുകാരെ കബളിപ്പിക്കാൻ ഉപയോഗിച്ച വ്യാജരേഖ നിർമിച്ചത് സംബന്ധിച്ചും കോടികളുടെ മറ്റു സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണ സംഘം മോൻസണിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. അഞ്ച് കോടിയുടെ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന കേസിലും മോൻസന്‍റെ ജാമ്യാപേക്ഷ എസിജെഎം കോടതി നേരത്തെ തള്ളിയിരുന്നു.