എറണാകുളം: ആലുവയിൽ ഗാർഹിക പീഡനത്തെ (Domestic violence) തുടർന്ന് ആത്മഹത്യ ചെയ്‌ത മൊഫിയ പര്‍വീന്‍റെ (Mofiya Suicide) ഭർത്താവ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, ഭർതൃപിതാവ് യൂസഫ് എന്നിവര്‍ പൊലീസ് പിടിയില്‍. മൂവരും കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെ ബുധനാഴ്ച പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ (Aluva Magistrate Court) ഹാജരാക്കും.
ആത്മഹത്യാകുറിപ്പില്‍ പ്രതികളുടെ പേര്
ഗാർഹി പീഡനം, ആത്മഹത്യാപ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ചൊവ്വാഴ്ചയാണ് 21കാരിയായ മൊഫിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്‍റെ മരണത്തിന് കാരണം ഭർത്താവ് സുഹൈലും, ഭർത്താവിന്‍റെ മതാപിതാക്കളുമാണെന്ന് ആത്മഹത്യാകുറിപ്പിൽ യുവതി വ്യക്തമാക്കിയിരുന്നു. അതേസമയം ഗാര്‍ഹിക പീഡന പരാതിക്കാരിയായി എത്തിയ തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നും യുവതിയുടെ കുറിപ്പിലുണ്ട്.
ALSO READ: Adimali Acid Attack| ഒടുവിൽ കുറ്റസമ്മതം; അരുണ്‍ കുമാറിനെ പ്രതിയാക്കാൻ ഷീബ ലക്ഷ്യമിട്ടു
യുവതി ഭര്‍ത്താവിനെ കൈയേറ്റം ചെയ്‌തപ്പോൾ ഇടപെടുക മാത്രമാണ് ചെയ്തെന്നാണ് ആരോപണ വിധേയനായ പൊലീസുകാരന്‍റെ വാദം. ഇത് ഉൾപ്പടെ യുവതിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ആലുവ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു. ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ആലുവ എസ്.പി കെ. കാർത്തിക്ക് അറിയിച്ചിരുന്നു. പൊലീസ് ആരോപണ വിധേയമായ സംഭവത്തിൽ, പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെ സംഘടിപ്പിച്ചിരുന്നു.