എറണാകുളം: 'അനേക', മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ കലോത്സവത്തെ ഇതിനോടകം തന്നെ ഹൃദ്യമായാണ് കൊച്ചി നഗരം സ്വീകരിച്ചിരിക്കുന്നത്. മഹാരാജാസ് കോളജ്, ഗവ.ലോ കോളജ്, മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ എന്നിങ്ങനെയുള്ള എട്ട് വേദികളിലായി നടക്കുന്ന മത്സരങ്ങളിലായി നിരവധി കലാപ്രതിഭകളാണ് തങ്ങളുടെ പ്രകടനമികവ് കൊണ്ട് കാഴ്‌ചക്കാരെ ആനന്ദത്തില്‍ ആഴ്‌ത്തിയത്. ഈ കൂട്ടത്തില്‍ ട്രാന്‍സ് ജന്‍ഡര്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നുണ്ട്.
എംജി യൂണിവേഴ്‌സിറ്റി കലോത്സവം അനേകയില്‍ സജീവ സാന്നിധ്യമായി തന്നെയാണ് അവരും പങ്കെടുക്കുന്നത്. നിലവില്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഭരതനാട്യം എന്നീ മൂന്നിനങ്ങളില്‍ മാത്രമാണ് ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിനായി പ്രത്യേകം മത്സരങ്ങളുള്ളത്. എന്നാല്‍, കൂടുതല്‍ മത്സര ഇനങ്ങള്‍ തങ്ങള്‍ക്കായും വേണമെന്നാണ് ഇവരുടെ ആവശ്യം.
കേരളത്തില്‍ ട്രാന്‍സ് സമൂഹത്തോടുള്ള സമീപനത്തില്‍ ഏറെ പുരോഗമനപരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന ആരെങ്കിലും തെറ്റ് ചെയ്‌താല്‍ എല്ലാവരേയും കുറ്റക്കാരായി കാണുന്ന മനോഭാവം മാറണമെന്നുമാണ് എറണാകുളം മഹാരാജാസ് കോളജിലെ ബി എ അവസാന വര്‍ഷ വിദ്യാര്‍ഥിയും ഭരതനാട്യം മത്സരാര്‍ഥിയുമായ ഋതുവിന്‍റെ അഭിപ്രായം. വരുന്ന തലമുറയില്‍ ട്രാന്‍സ് സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് താന്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയതെന്ന് തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളജിലെ വിദ്യാര്‍ഥി താന്‍വി പറഞ്ഞു.
കലോത്സവത്തില്‍ മൂന്ന് ഇനങ്ങളിലാണ് താന്‍വി മത്സരിക്കുന്നത്. കലോത്സവങ്ങളില്‍ ട്രാന്‍സ് വിഭാഗത്തിനായി കൂടുതല്‍ ഇനങ്ങളില്‍ മത്സരം ഏര്‍പ്പെടുത്തണം. ഇങ്ങനെ ചെയ്‌താല്‍ കലോത്സവ വേദികളില്‍ ട്രാന്‍സ് ജന്‍ഡര്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും.
ചെലവേറിയ മത്സര ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഈ വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും പ്രത്യേക സാമ്പത്തിക സഹായം ഉള്‍പ്പടെ അനുവദിക്കണമെന്നും താന്‍വി അഭ്യര്‍ഥിച്ചു. സ്വന്തം ജന്‍ഡര്‍ ഐഡന്‍റിറ്റി വ്യക്തമാക്കി പരിഹാസവും തുറിച്ച് നോട്ടവും നേരിടാതെ കേരളത്തിലെ കാമ്പസുകളില്‍ പഠിക്കാനുള്ള അവസരം ഒരുങ്ങി കഴിഞ്ഞതായാണ് ട്രാന്‍സ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നത്. ഈ മാറ്റം കലാലയങ്ങളില്‍ നിന്നും പൊതുസമൂഹത്തിലേക്കും കൂടി പടരുന്ന കാലത്തെയാണ് ഇവര്‍ സ്വപ്‌നം കാണുന്നത്.
അതേസമയം, നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന എം ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവം 'അനേക'യില്‍ 12 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 37 പോയിന്‍റുമായി സെന്‍റ് തേരേസസ് കോളജ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 24 പോയിന്‍റുമായി മഹാരാജാസ് കോളജാണ്. 19 പോയിന്‍റുള്ള തേവര എസ് എച്ച് കോളജാണ് മൂന്നാം സ്ഥാനത്ത്.
നാടോടി നൃത്തം, ക്ലാസിക്കല്‍ ഡാന്‍സ് വിഭാഗങ്ങളില്‍ ഇന്ന് മത്സരങ്ങള്‍ നടക്കും. അഞ്ച് ജില്ലകളില്‍ നിന്നുള്ള 209 കോളജുകളിലെ മത്സരാര്‍ഥികളാണ് എംജി സര്‍വകലാശാല യൂണിയന്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി എട്ടിന് ആരംഭിച്ച യൂണിയന്‍ കലോത്സവം 12 നാണ് അവസാനിക്കുക.
Also Read: കലോത്സവ വേദിയില്‍ അപൂര്‍വ വിവാഹം: പ്രണയം പൂത്തുലഞ്ഞ കാമ്പസിനെ സാക്ഷിയാക്കി അവര്‍ ഒന്നായി