എറണാകുളം: മസാല ബോണ്ട് കേസിൽ കിഫ്ബിയ്‌ക്കെതിരായ അന്വേഷണവുമായി ഇ.ഡിയ്ക്ക് മുന്നോട്ടു പോകാമെന്ന് ആവർത്തിച്ച് ഹൈക്കോടതി. എന്നാൽ ചോദ്യം ചെയ്യുന്നതിനായി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർ നേരിട്ട് ഹാജരാകണമെന്നതിന്‍റെ കാരണം ഇ.ഡി ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. ഐസക്കടക്കമുള്ളവർക്ക് പറയാനുള്ളത് അന്വേഷണ ഏജൻസിക്ക് മുന്നിൽ ബോധിപ്പിക്കാമെന്ന് ഇ.ഡിയുടെ അഭിഭാഷകൻ ജയ്‌ശങ്കർ വി.നായർ കോടതിയിൽ വ്യക്തമാക്കി.
അതേസമയം ഹർജിക്കാരുടെ അക്കൗണ്ട് വിവരങ്ങൾ എന്തിനാണെന്നതുൾപ്പെടെയുള്ള ചോദ്യങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് മറുപടി നൽകണമെന്ന് കോടതിയും നിലപാടെടുത്തു. തുടർന്ന് ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്‌ത കിഫ്ബിയും തോമസ് ഐസക് അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 24-ന് വീണ്ടും പരിഗണിക്കും.
അതുവരെ ഇ.ഡി സമൻസിനുള്ള സ്റ്റേ തുടരും. മസാല ബോണ്ട് ഇറക്കിയതിൽ ഫെമ ലംഘനം ഉണ്ടായിട്ടില്ലെന്നും റിസർവ്വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നുമാണ് തോമസ് ഐസക്കിന്‍റെ വാദം. കിഫ്ബിക്ക് അനുകൂലമായി ആർബിഐ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. മസാല ബോണ്ടിന് അനുമതി ഉണ്ടെന്നായിരുന്നു ആർബിഐയുടെ സത്യവാങ്മൂലം.