കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിലെ സമയക്രമങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി ഇന്ന് യോഗം ചേരും. രാവിലെ മരട് നഗരസഭയിൽ ചേരുന്ന സാങ്കേതിക സമിതിയിൽ ഫ്ലാറ്റ് പൊളിക്കൽ ചുമതലയുള്ള സബ്കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷത വഹിക്കും.
ജനസാന്ദ്രതയില്ലാത്ത മേഖലയിലെ ഗോൾഡൻ കായലോരം, ജെയിൻ കോറൽ എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ ആദ്യം പൊളിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും ഇന്ന് ചേരുന്ന സാങ്കേതിക സമിതി യോഗത്തിൽ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ സമിതി എടുക്കുന്ന അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ പരിസരവാസികൾ നിരാഹാര സമരത്തിൽ നിന്ന് പിന്മാറുകയുള്ളൂവെന്ന് അധികൃതർ സർക്കാരുമായി നടത്തിയ ചർച്ചയ്ക്കുശേഷം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ആൽഫ സെറീൻ, ഹോളി ഫെയ്ത്ത് ഫ്ലാറ്റുകൾ ഈ മാസം പതിനൊന്നിനും ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് എന്നീ ഫ്ലാറ്റുകൾ പന്ത്രണ്ടാം തീയതിയും പൊളിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.