എറണാകുളം: നടി മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരമായി അപകീർത്തികരമായ പോസ്റ്റ് ഇടുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന നടിയുടെ പരാതിയിലാണ് കൊച്ചി എളമക്കര പൊലീസ് കേസെടുത്തത്.
പരാതി നൽകിയതിനെ തുടർന്ന് മഞ്ജു വാര്യരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തലിനും, ഐ.ടി. നിയമപ്രകാരം സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. നാളുകളായി യുവാവ് ശല്യം തുടരുകയാണെന്നാണ് മഞ്ജു വാര്യർ പരാതിയിൽ ആരോപിക്കുന്നു.
അതേസമയം പ്രതിയായ യുവാവിന്‍റെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പ്രതി സിനിമ രംഗത്ത് പ്രവർത്തിക്കുന്ന യുവ സംവിധായകനാണെന്നാണ് സൂചന. നടിയുടെ പരാതി ഗൗരവകരമായി പരിഗണിച്ച് അന്വേഷണം നടത്തി അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം.