എറണാകുളം : കനത്ത മഴയിൽ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. പ്രദേശവാസികൾ ആശങ്കയിലാണ്. പുതിയ പാലം എന്നത് വാഗ്‌ദാനങ്ങളില്‍ മാത്രമായി ഇപ്പോഴും തുടരുകയാണ്.
മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ഏക ആശ്രയമാണ് മണികണ്ഠൻ ചാൽ ചപ്പാത്ത്.
ചപ്പാത്ത് മുങ്ങിയതോടെ ആശങ്കയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്. പകൽ മുഴുവൻ നീണ്ടുനിന്ന കനത്ത മഴയെ തുടർന്ന് വൈകിട്ടോടെയാണ് പാലം വെള്ളത്തിനടിയിലായത്.
വനത്തിനുള്ളിൽ കനത്ത മഴ ഉണ്ടായതിനെ തുടർന്നാണ് പുഴയിൽ പെട്ടെന്ന് വെള്ളം ഉയർന്നത്. നാലോളം ആദിവാസി കോളനികളും, മണികണ്ഠൻചാൽ ഗ്രാമവും ഒറ്റപ്പെട്ടിരിക്കുകയാണ്.
മുൻ വർഷങ്ങളിലും ഇത്തരത്തിൽ കനത്ത മഴയെ തുടർന്ന് ചപ്പാത്ത് മുങ്ങിയിരുന്നു. എന്നാൽ കൊറോണയും വെള്ളപ്പൊക്കവും ഇരട്ടി പ്രഹരമാണ് പ്രദേശവാസികൾക്ക് ഉണ്ടാക്കുന്നത്.
കൊവിഡ് ലോക്ക് ഡൗൺ മൂലം സാമ്പത്തികമായി തകർന്നിരിക്കുന്ന മണികണ്ഠൻ ചാൽ നിവാസികൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.
രാവിലെ ജോലിക്കായി ഗ്രാമത്തിൽ എത്തിയവർക്ക് ചപ്പാത്ത് മുങ്ങിയതോടെ മറുകര കടക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഇനി വെള്ളം കുറഞ്ഞാൽ മാത്രമാണ് ഇവർക്ക് മറുകര കടക്കാൻ സാധിക്കുക.
പുതിയ പാലം വാഗ്‌ദാനങ്ങളില്‍ ഒതുങ്ങുന്നു
ലോറിയും, ബസും, ഉൾപ്പെടെ അനേകം വാഹനങ്ങൾ കടന്ന് പോകുന്ന പാലമാണിത്. വർഷകാലത്തുള്ള മലവെള്ള പാച്ചിലിൽ മുങ്ങാറുള്ള ഈ ചപ്പാത്തിൽ നിരവധി വൻ മരങ്ങൾ വന്നടിഞ്ഞ് പാലത്തിന്റെ കോൺക്രീറ്റ് ഇളകി ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
ഇതിനെല്ലാം പരിഹാരമെന്നോണം പുതിയ പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ പുതിയ പാലം എന്നത് വാഗ്‌ദാനങ്ങളില്‍ മാത്രമായി തുടരുകയാണ്.