എറണാകുളം: മുളന്തുരുത്തിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളിൽ ഇച്ചിരവേലിൽ ജോജിയാണ് (24) കൊല്ലപ്പെട്ടത്. ജോജിയുടെ കഴുത്തിനും നെഞ്ചിനുമാണ് വെട്ടേറ്റത്.
തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചര മണിയോടെ മൂന്നംഗ സംഘം വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ജോജിയുടെ പിതാവ് മത്തായിക്കും വെട്ടേറ്റതായി കുടുംബാംഗങ്ങൾ പറഞ്ഞു. മകനെ വെട്ടുന്നത് തടയാൻ ശ്രമിച്ച വേളയിലാണ് മത്തായിക്ക് കാലിന് വെട്ടേറ്റത്.
Also Read: അസം - മിസോറാം അതിർത്തി സംഘര്‍ഷം : 6 പൊലീസുകാര്‍ കൊല്ലപ്പെട്ടു
ഇരുവരെയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോജി തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെ മരണപ്പെടുകയായിരുന്നു. രണ്ട് ബൈക്കുകളിൽ വടിവാളുമായാണ് മൂവർ സംഘം ആക്രമണത്തിന് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ആക്രമണത്തിന് ശേഷം ഒരു ബൈക്കും വടിവാളുകളും ഉപേക്ഷിച്ചാണ് ആക്രമി സംഘം രക്ഷപ്പെട്ടത്.
ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമി സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൊല്ലപ്പെട്ട യുവാവിനും ആക്രമണം നടത്തിയവർക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം.