എറണാകുളം: തൃപ്പൂണിത്തുറയിലെ ലോട്ടറി കട കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം ലോട്ടറി കടയ്ക്ക് തീയിട്ട പ്രതി രാജേഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ലോട്ടറി കടയ്ക്കെതിരായ പ്രതികാരത്തിന്റെ ഭാഗമായാണ് രാജേഷ് കടയ്ക്ക് തീയിട്ടതെന്ന് പൊലീസ് അറിയിച്ചു. ലോട്ടറി വില്‍പന നടത്തുന്ന സാധാരണ തൊഴിലാളികൾ ലോട്ടറി കടകൾ ഉള്ളതിനാലാണ് നഷ്ടം സംഭവിക്കുന്നതെന്ന് ഇയാൾ ആരോപിച്ചിരുന്നു.
തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറി ഏജൻസീസില്‍ ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് പ്രതി തീയിട്ടത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. കൗണ്ടറിൽ വില്‍പനയ്ക്ക് വച്ച ലോട്ടറി ടിക്കറ്റിലേക്ക് രാജേഷ് പെട്രോൾ ഒഴിക്കുകയും തീയിടുകയായിരുന്നു.
ഇവിടെയുണ്ടായിരുന്നവർ ഓടി രക്ഷപെടുകയും പെട്ടന്ന് തീയണയ്‌ക്കുകയും ചെയ്‌തതിനാലാണ് സമീപത്തുള്ള മറ്റു കടകളിലേക്ക് തീ വ്യാപിക്കാതിരുന്നത്. ഒന്നരലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് മീനാക്ഷി ലോട്ടറി ഏജൻസി ഉടമ അറിയിച്ചത്. സൈക്കിളില്‍ ലോട്ടറി വില്‍പന നടത്തുന്ന ആളാണ് പ്രതിയായ രാജേഷ്.
മീനാക്ഷി ലോട്ടറി ഏജന്‍സീസ് കത്തിക്കുമെന്ന് രാജേഷ് ഫോസ്ബുക്ക് ലൈവില്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇത് ആരും കാര്യമാക്കിയിരുന്നില്ല. എന്നാൽ, പറഞ്ഞ സമയത്ത് തന്നെയാണ് ഇയാൾ പെട്രോളുമായെത്തി തീയിട്ടത്. ലോട്ടറി വില്‍പന നടത്തുന്ന പാവപ്പെട്ട അമ്മ, പെങ്ങൻമാരുടെ ടിക്കറ്റുകൾ ബാക്കിയാവുകയാണ്. മീനാക്ഷി ഏജൻസീസ് ഒരു ദിവസം മൂവായിരം ലോട്ടറി ടിക്കറ്റുകളാണ് വില്‍പന നടത്തുന്നത്. ഇതിന് പുറമെ ഹോൾസയിൽ ബിസിനസിലൂടെയും ഓൺലൈൻ ബിസിനസിലൂടെയും കോടികൾ സമ്പാദിക്കുന്നു.
ഇങ്ങനെയുള്ള കുത്തക മുതലാളിമാര്‍ ആവശ്യമുണ്ടോ എന്നായിരുന്നു ഇയാൾ ചോദിച്ചിരുന്നത്. റിയല്‍ കമ്മ്യൂണിസം അതായത് ഇഎംഎസ് ഭരിച്ചിരുന്നപ്പോഴത്തെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ജനങ്ങളെ പോക്കറ്റടിക്കുന്ന സഖാക്കളെയും കോടികളുള്ള സുന്ദരൻ സഖാക്കളെയും ആവശ്യമില്ലെന്നും ഇയാള്‍ പറഞ്ഞു.
ഒരു കുത്തക മുതലാളിത്തവും രാജേഷ് ടി.എസ് എന്ന താന്‍ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ല. കത്തിക്കുന്നത് കാണാൻ ആർക്കും വരാമന്നും പ്രതി വീഡിയോയിൽ പറഞ്ഞിരുന്നു. പേരും മേൽവിലാസവും ഇയാൾ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.