എറണാകുളം : മുംബൈ ഹൈക്കോടതി ജഡ്‌ജിയെന്ന വ്യാജേന തട്ടിപ്പ് നടത്താൻ ശ്രമിച്ച നാഗ്‌പൂർ സ്വദേശിയായ യുവാവിനെ കൊച്ചിയിൽ നിന്ന് പിടികൂടി. മഹാരാഷ്ട്ര നാഗ്‌പൂർ സ്വദേശി ഹിമാലയ് മാരുതി ദേവ്കോട്ട് (24) ആണ് മുനമ്പം പൊലീസിന്‍റെ പിടിയിലായത്. ജഡ്‌ജിയെന്ന് പരിചയപ്പെടുത്തി റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാൻ ശ്രമിക്കവെയാണ് പ്രതി പൊലീസിന്‍റെ വലയിലായത്.
മുംബൈ ഹൈക്കോടതി ജഡ്‌ജ് എന്ന ബോർഡ് ഘടിപ്പിച്ച് ബീക്കൺ ലൈറ്റ് ഉള്ള ഇന്നോവ കാറിൽ രണ്ടു ദിവസം മുൻപ് ചെറായി ബീച്ച് റിസോർട്ടിൽ എത്തിയ പ്രതിയോടൊപ്പം മൂന്ന് യുവാക്കളും ഉണ്ടായിരുന്നു. പണം നൽകാതെ മുങ്ങാൻ ശ്രമിച്ച സംഘത്തെ റിസോർട്ടുടമ തടഞ്ഞുവയ്‌ക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഫ്രീലാൻസ് ഫോട്ടോഗ്രഫി സ്ഥാപനം നടത്തുന്ന തങ്ങളെ ജുഡീഷ്യൽ ഓഫിസറാണെന്ന് അവകാശപ്പെട്ട് ഫോട്ടോഷൂട്ട് നടത്താൻ പ്രതി ബന്ധപ്പെടുകയായിരുന്നെന്നും വാഹനം അയച്ചു തന്ന് കൂടെ കൂട്ടുകയായിരുന്നു എന്നുമാണ് കൂടെയുള്ളവർ പറയുന്നത്.
അതേ രീതിയില്‍ തന്നെ ട്രാവൽ ഏജൻസിയിൽ നിന്ന് ഏര്‍പ്പെടുത്തിയതാണ് വാഹനം എന്ന് ഡ്രൈവറും പൊലീസിന് മൊഴി നൽകി. മുംബൈയിൽ നിന്ന് വി.ഐ.പിയായി പുറപ്പെട്ട സംഘം ചെറായി ബീച്ചിലെത്തി റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു. പൊലീസ് പിടിയിലായപ്പോഴാണ് കൂടെയുണ്ടായിരുന്നവര്‍ പോലും വ്യാജ ജഡ്‌ജി ആണെന്ന് അറിഞ്ഞത്. മുംബൈ ഹൈക്കോടതി ജഡ്‌ജ് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തുകയും കൂടെയുള്ളവരെ കബളിപ്പിക്കുകയും വിഐപി ആണെന്ന തരത്തില്‍ ചിത്രീകരിക്കുകയും ചെയ്‌താണ് പ്രതി തട്ടിപ്പ് നടത്തിയിരിക്കുന്നത്.
പണം കൊടുക്കാത്തതിനെ തുടര്‍ന്ന് റിസോര്‍ട്ടുടമ പൊലീസില്‍ പരാതി നല്‍കിയതോടുകൂടിയാണ് ആള്‍മാറാട്ടം നടത്തിയതാണെന്ന് കൂടെയുള്ളവരും അറിയുന്നത്. പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചതോടെ റിസോര്‍ട്ടുടമ പൊലീസില്‍ പരാധി നല്‍കി. റിസോർട്ടുടമയുടെ പരാതിയിൽ മുനമ്പം പൊലീസ് കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾ സമാനമായ രീതിയിൽ മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്.
also read : വ്യാജ ഒപ്പിട്ട് കോടികളുടെ ഭൂമി തട്ടിയെടുത്തു; അഹമ്മദാബാദിൽ വനിത അഭിഭാഷക പിടിയിൽ