എറണാകുളം: പെരുമ്പാവൂർ ഓടക്കാലി പനിച്ചയം ഉദയകവലക്ക് സമീപം വ്യാജവാറ്റുമായി ഒരാൾ പിടിയിൽ. കിഴക്കേ പനിച്ചയത്ത് താമസിക്കുന്ന പെരുമ്പാവൂർ കാവുപുറം പാലിയാപ്പിള്ളി പറമ്പിൽ മനോജാണ് കുറുപ്പംപടി പൊലീസിന്‍റെ പിടിയിലായത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിലായിരുന്നു ചാരായം വാറ്റിയിരുന്നത്.
പെരുമ്പാവൂർ പോക്കത്തായി സ്വദേശി ജോർജിന്‍റെ വീട്ടിലാണ് മനോജ് വാടകക്ക് താമസിക്കുന്നത്. ഇവിടെ നിന്നും 9.5 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ബക്കറ്റിലും കുപ്പികളിലുമായാണ് ചാരായം നിറച്ചിരുന്നത്. വലിയ പ്ലാസ്റ്റിക് വീപ്പകളിലായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ട സാഹചര്യം കണക്കിലെടുത്ത് വിൽപ്പന നടത്തുന്നതിന് വേണ്ടിയായിരുന്നു മനോജ് വാറ്റു ചാരായം നിർമ്മിച്ചു വന്നത്.
ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാല് പേർ അറസ്റ്റിൽ
കുറുപ്പംപടി പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ സാഗർ, സീനിയർ സി.പി.ഒമാരായ സലീം, മനാഫ്, സി.പി.ഒമാരായ ശശികുമാർ,വിഷ്‌ണു, ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.