എറണാകുളം: മഹാരാജാസ് കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് അതുല്‍, എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത സഹോദരങ്ങളെ കാണണമെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഫോർട്ട് കൊച്ചി സ്വദേശി കമാൽ കൊച്ചി ഹാർബർ പാലത്തിന് മുകളിൽ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. മാലിക്കിന്‍റെയും ഹഫീസിന്‍റെയും സഹോദരനാണ് കമാൽ.
സഹോദരങ്ങളെ കാണാൻ അനുവദിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് കമാൽ പാലത്തിന് മുകളിൽ നിന്ന് താഴെയിറങ്ങിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മാലിക്കിനൊപ്പം ഹഫീസും ഇന്നലെ കോളജിലെത്തിയിരുന്നു.
കോളജിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് സംഘർഷമുണ്ടായത്. കാമ്പസിനുള്ളിൽ നേരത്തേയുണ്ടായ സംഘർഷത്തെ ചൊല്ലി ഒരു സംഘം വിദ്യാർഥികളും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ഇതിൽ പരിക്കേറ്റ സുഹൃത്തുമായി എറണാകുളം ജനറൽ ആശുപത്രിയിൽ പോയ ശേഷം വൈകിട്ട് ആറരയോടെ മരുന്നു വാങ്ങാൻ പുറത്തിറങ്ങിയ മുക്താറിനെ ജനറൽ ആശുപത്രിക്കു മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു. ഇതറിഞ്ഞ് എത്തിയ കെ.എസ്.യുക്കാര്‍ എസ്.എഫ്.ഐക്കാരെ ആക്രമിച്ചു. ജനറൽ ആശുപത്രി റോഡിലെ സംഘർഷം ആശുപത്രി പരിസരത്തെ ഏറെനേരം മുൾമുനയിൽ നിർത്തി. സ്ഥലത്തെത്തിയ പൊലീസ് വിദ്യാർഥികളെ അറസ്റ്റുചെയ്ത് നീക്കി. ആശുപത്രിയിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്‍റെ ഭാഗമായി അനിശ്ചിതകാലത്തേക്ക് കോളജ് അടച്ചതായി അധികൃതർ അറിയിച്ചു.