എറണാകുളം : ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി രജിസ്റ്റർ ചെയ്‌ത കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി. നേരത്തെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് എം ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ മാസത്തേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്ന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും വിചാരണ കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇടക്കാല ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിച്ചത്. നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള വ്യക്തിയാണ് താന്‍. തന്‍റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു എം ശിവശങ്കറിന്‍റെ ആവശ്യം.
എന്നാൽ, ഇഡി ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് എം ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയത്. ഇഡി അധികാര ദുർവിനിയോഗം നടത്തി കേസിൽ തന്നെ പ്രതി ചേർത്തുവെന്നാണ് മേൽക്കോടതികളിൽ എം ശിവശങ്കർ വാദിച്ചത്. മാത്രമല്ല തന്നെ നേരിട്ട് കേസുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും ഇല്ല. തന്നെ ഇഡി വേട്ടയാടുകയാണ് എന്നും ജാമ്യാപേക്ഷയിൽ ശിവശങ്കർ ആരോപിച്ചിരുന്നു.
ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കറിന്‍റെ ആവശ്യം. ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കറിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഒമ്പത് ദിവസത്തെ ഇഡിയുടെ കസ്റ്റഡി കാലാവധിക്ക് ശേഷം റിമാന്‍ഡിൽ തുടരുകയാണ് ശിവശങ്കർ.
പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണമെന്നും അദ്ദേഹം സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന്‍റെ ജാമ്യ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. ജാമ്യം നൽകരുതെന്ന ഇഡിയുടെ വാദങ്ങൾ അംഗീകരിച്ചായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, ലൈഫ് മിഷൻ അഴിമതിയിലെ മുഖ്യ ആസൂത്രകൻ എം ശിവശങ്കറാണെന്നും ഇത് സാധൂകരിക്കുന്ന ശക്തമായ തെളിവുകളുണ്ടെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ്വപ്‌നയുടേത് ഉൾപ്പടെ വാട്‌സ്ആപ്പ് ചാറ്റുകളും സന്തോഷ് ഈപ്പന്‍റെയടക്കമുള്ള ബാങ്ക് ഇടപാടുകളും ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. ശിവശങ്കറിനെതിരായ സ്വർണക്കടത്ത്, ലൈഫ് മിഷൻ കൈക്കൂലി കേസ്, ലൈഫ് മിഷൻ അഴിമതിയിലൂടെ ലഭിച്ച പണം ഡോളറാക്കി കടത്തിയെന്ന കേസ് തുടങ്ങിയവ വ്യത്യസ്‌തമായവയാണ്.
വിദേശ സംഭാവന നിയന്ത്രണ ചട്ടം, കള്ളപ്പണം തടയൽ നിയമം എന്നിവ പ്രകാരം എടുത്ത കേസിലാണ് ഇഡി സ്വതന്ത്രമായ അന്വേഷണം നടത്തുന്നത്. അതുകൊണ്ട് തന്നെ മറ്റ് കേസുകളിൽ ജാമ്യം ലഭിച്ചത് ഇഡി കേസിൽ പരിഗണിക്കാനാകില്ലെന്നുമായിരുന്നു ശിവശങ്കറിന്‍റെ ജാമ്യത്തെ എതിർത്തുകൊണ്ടുള്ള എൻഫോഴ്‌സ്മെന്‍റിന്‍റെ വാദങ്ങൾ.ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇഡി വാദിച്ചിരുന്നു.
കോഴ ഇടപാട് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ്. തൃശൂർ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്നതാണ് ലൈഫ് മിഷൻ പദ്ധതി. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ചാണ് വീട് നിർമിച്ച് നൽകുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പടെയുള്ള പ്രതികൾക്ക് കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു.
കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും കോഴപ്പണം കൈപ്പറ്റിയെന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിരുന്നു. പിന്നാലെ ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മിഷനായിരുന്നു എന്നാണ് സ്വപ്‌ന ആരോപിച്ചത്. തുടർന്ന് ലൈഫ് മിഷൻ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി എം ശിവശങ്കറിനെ ഇഡി അറസ്‌റ്റ് ചെയ്യുകയായിരുന്നു.