എറണാകുളം: കൊച്ചിയിലെ മരടില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നറുകളില്‍ നിന്ന് അഴുകി പുഴുവരിച്ച മത്സ്യം പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ഭക്ഷ്യ സുരക്ഷ വിഭാഗം. കണ്ടെയ്‌നര്‍ റോഡരികില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവരെ കണ്ടെത്താന്‍ പൊലീസിന്‍റെ സഹായം തേടി.
കഴിഞ്ഞ ദിവസമാണ് 170 ഓളം പെട്ടികളിലായി സൂക്ഷിച്ച 6000 കിലോ അഴുകിയ മത്സ്യം ആരോഗ്യ വകുപ്പ് പിടികൂടിയത്. റോഡരികില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നറില്‍ നിന്ന് ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചു. തുടര്‍ന്ന് സംഘം നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച മത്സ്യം കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഭക്ഷ്യ സുരക്ഷ വിഭാഗം മത്സ്യത്തിന്‍റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. അഴുകിയ മത്സ്യം ജെസിബി ഉപയോഗിച്ച് കുഴിച്ച് മൂടി. ഇതിനെല്ലാം ആവശ്യമായ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുമെന്ന് നഗരസഭ അറിയിച്ചു.
ആന്ധ്രപ്രദേശില്‍ നിന്നെത്തിച്ച മത്സ്യം കണ്ടെയ്‌നറില്‍ ശീതികരണ സംവിധാനമില്ലാത്തതിനാലാണ് അഴുകിയത്. രണ്ട് കണ്ടെയ്‌നറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.