എറണാകുളം : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ സിബിഐ ഓഫിസിൽ ഹാജരായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തുന്നത്.
യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച 18.50 കോടിയില്‍ 14.50 കോടി രൂപ ചെലവഴിച്ച് ലൈഫ് മിഷൻ വഴി വടക്കാഞ്ചേരിയിൽ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാനും ബാക്കി തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിർമിക്കാനുമായിരുന്നു പദ്ധതി. എന്നാൽ പദ്ധതിയുടെ കരാർ നൽകാൻ 4.48 കോടി രൂപ കൈക്കൂലിയായി സ്വപ്‌ന ഉൾപ്പടെയുള്ള പ്രതികൾ കൈപ്പറ്റിയതായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ആരോപിച്ചു.
യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് ഓഫിസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനാണ് തുക നൽകിയതെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്. ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂണിടാക്കിന് നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
നേരത്തെ സിആർപിസി സെക്ഷൻ 164 പ്രകാരം രഹസ്യമൊഴി നൽകിയ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് ഗൂഢാലോചനയ്‌ക്കെതിരെ രജിസ്റ്റർ ചെയ്‌ത രണ്ട് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഓഗസ്റ്റിൽ കോടതി തള്ളിയിരുന്നു.
സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ഗൂഢാലോചന നടത്തിയെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെടി ജലീൽ എംഎൽഎ നൽകിയ പരാതിയിലാണ് ഒരു കേസ്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസിന് നൽകിയ പരാതിയിൽ ഐപിസി സെക്ഷൻ 153, 120 ബി എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
സിപിഎം നേതാവ് സിപി പ്രമോദിന്‍റെ പരാതിയിൽ പാലക്കാട് കസബ പൊലീസും സ്വപ്‌നയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. സംസ്ഥാനത്ത് കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജരേഖ ചമച്ച് സ്വപ്‌ന ആരോപണങ്ങൾ ഉന്നയിച്ചതെന്ന് പ്രമോദ് പരാതിയിൽ പറയുന്നു.