എറണാകുളം: ലൈഫ് മിഷനെതിരായ സി.ബി.ഐ. അന്വേഷണത്തിന് ഏർപ്പെടുത്തിയ ഇടക്കാല സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. സർക്കാരിന്‍റെയും സി.ബി.ഐയുടെയും വിശദമായ വാദം കേട്ടശേഷം ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവന പദ്ധതിയിൽ ഭൂമി ആർക്കും കൈമാറിയിട്ടില്ലന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ ഭൂമിയിൽ നിർമാണത്തിന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും പണി പൂർത്തിയായിക്കഴിഞ്ഞാൽ ഗുണഭോക്താക്കൾക്ക് വീടുകൾ അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി. പാവപ്പെട്ടവർക്ക് വീടുനൽകുന്ന പദ്ധതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള അനിൽ അക്കര എംഎൽഎയുടെ ഹർജി രാഷ്ട്രീയപ്രരിതമാണന്നും സർക്കാർ വാദിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണന്നും ഗുഢാലോചനയുണ്ടന്നും സിബിഐ അറിയിച്ചു. വിദേശ സഹായം ലഭ്യമാക്കാനും കമ്മിഷൻ തട്ടിയെടുക്കാനും ശിവശങ്കറും സ്വപ്നയും അടക്കമുള്ള പ്രതികൾ ശ്രമിച്ചതിന് തെളിവുണ്ടന്നും സിബിഐ വ്യക്തമാക്കി.
ഹൈക്കോടതി ഏർപ്പെടുത്തിയ ഇടക്കാല സ്റ്റേ, കേസന്വേഷണത്തെ തടസപ്പെടുത്തുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഗൂഢാലോചനയിൽപങ്കാളികളാണ്. പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. അന്വേഷണത്തിന്‍റെ ഈ ഘട്ടത്തിൽ ഏതൊക്കെ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സി.ബി.ഐയാണ്. ഈയൊരു സാഹചരത്തിൽ സ്റ്റേ ഒഴിവാക്കി അന്വേഷണം തുടരാൻ അനുവദിക്കണമെന്നും സി.ബി.ഐ. കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ് സമർപ്പിച്ച ഹർജിയിലാണ് ലൈഫ് മിഷനെതിരായ സി.ബി.ഐ അന്വേഷണം ഹൈക്കോടതി തടഞ്ഞത്.