എറണാകുളം: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്‍റെ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. ഏഴ് പേര്‍ അപകടത്തില്‍ പെട്ടെന്ന നിഗമനത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ഇയാളെ സുരക്ഷിതനായി കണ്ടെത്തി. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്ക ഒഴിഞ്ഞ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി.
പതിനെട്ട് അടിയോളം ആഴമുള്ള കുഴിയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു തൊഴിലാളികൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.
മരിച്ചവര്‍ ബംഗാള്‍ സ്വദേശികള്‍
രണ്ട് പേരെ ആദ്യ ഘട്ടത്തിൽ തന്നെ പുറത്തെടുത്തതിനാൽ ജീവൻ രക്ഷിക്കാനായി. അതേസമയം മറ്റു നാലുപേരെ മണിക്കൂറുകൾക്ക്‌ശേഷം മാത്രമാണ് ഫയർഫോഴ്‌സ് സംഘത്തിന് പുറത്തെടുക്കാൻ കഴിഞ്ഞത്. ഇവരെയെല്ലാം കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ജീവൻ നഷ്ടമായവരെല്ലാം ബംഗാൾ സ്വദേശികളാണ്. ഫൈജുൽ, കൂടുസ്, നൗജേഷ് അലി, നൂർ അമീൻ എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
മൂഹമ്മദ് നൂറുള്ളക്കായി ഒരു മണിക്കൂര്‍ തെരച്ചില്‍
മണ്ണിനടിയിൽ മുഹമ്മദ് നൂറുള്ളയെന്ന ഒരാൾ കൂടി കുടുങ്ങിക്കിടക്കുന്നുവെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടർന്നുവെങ്കിലും ഇയാളെ പുറത്തു നിന്നും കണ്ടെത്തി. ഇതോടെയാണ് അഞ്ച് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഇതര സംസ്ഥാനക്കാരായ 25 പേരായിരുന്നു അപകടം നടന്ന സ്ഥലത്ത് ജോലിയിൽ ഏർപ്പെട്ടിരുന്നത്.
Also Read: കുർബാന ഏകീകരണം: കർദിനാൾ ആലഞ്ചേരിയുടെയും സാന്ദ്രിയുടെയും കോലം കത്തിച്ച് വിശ്വാസികൾ
മണ്ണിടിച്ചലിനെ തുടർന്ന് തൊഴിലാളികൾ പലരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ എത്ര പേർ അപകടത്തിൽ പെട്ടുവെന്നതിൽ ആശയ കുഴപ്പമുണ്ടായി. 25ല്‍ 18 പേരെ കണ്ടെത്തിയതോടെയാണ് ഏഴ് പേർ അപകടത്തിൽ പെട്ടുവെന്ന നിഗമനത്തിലെത്തിയത്.
തെരച്ചില്‍ ശാസ്ത്രീയം, മനസറിഞ്ഞ് നാട്ടുകാരും ഫയര്‍ ഫോഴ്‌സും
ഇതേ തുടർന്ന് ആറുപേരെയും പുറത്തെടുത്ത ശേഷവും കാണാതായ ഒരാൾക്ക് വേണ്ടി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തി. ശേഷമാണ് ഇയാൾ അപകടത്തിൽ പെട്ടില്ലന്ന ആശ്വാസകരമായ വിവരം ലഭിച്ചത്. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് ആളുകൾ കൂടുങ്ങി കിടക്കുന്ന സ്ഥലം നിർണ്ണയിച്ചാണ് തെരച്ചൽ നടത്തിയത്. ഏഴ് ഫയർഫോഴ്സ് യൂണിറുകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
അന്വേഷണത്തിന് ഉത്തരവ്
അപകടത്തെ തുടർന്ന് ഇലക്ട്രോണിക് സിറ്റിയിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം നിർത്തി വെക്കാൻ ജില്ലാ കലക്‌ടർ ജാഫർ മാലിക്ക് ഉത്തരവിട്ടു. അപകടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. നിർമാണ പ്രവർത്തനം നടന്ന ഇലക്ട്രോണിക്ക് സിറ്റിയിൽ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടില്ലന്നാണ് പ്രാഥമികമായ വിലയിരുത്തൽ . ഈ സ്ഥാപനത്തിനെതിരെ ആരോപണവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.