കൊച്ചി: കുട്ടനാട് സീറ്റിനെ ചൊല്ലി എൻ.സി.പി യിൽ ഭിന്നത രൂക്ഷമായി. സ്ഥാനാർഥി നിർണയത്തിനായി ഇന്ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന നേതൃയോഗം തീരുമാനമാകാതെ പിരിഞ്ഞു. അന്തരിച്ച എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിനെ സ്ഥാനാർഥിയാക്കണമെന്ന നിർദേശമാണ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരൻ മാസ്റ്റർ മുന്നോട്ട് വെച്ചത്. എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പാണ് സംസ്ഥാന നേതൃത്വത്തിൽ ഉയർന്നത്. സലിം പി. മാത്യുവിന്‍റെ പേരും യോഗത്തിൽ ചർച്ചയായി. കുട്ടനാട് സീറ്റിൽ മത്സരിക്കാൻ അദ്ദേഹം തന്നെ സന്നദ്ധത അറിയിച്ചു. ഇതോടെ മറ്റു ചിലർ കൂടി സീറ്റിന് വേണ്ടി അവകാശ വാദം ഉന്നയിക്കുകയായിരുന്നു. ഇതോടെ ചർച്ച വഴിമുട്ടി.
സംസ്ഥാന പ്രസിഡന്‍റും ചെറിയൊരു വിഭാഗവും തോമസ് കെ. തോമസിന് വേണ്ടി വാദിച്ചെങ്കിലും ഭൂരിപക്ഷ അംഗങ്ങളും എതിർക്കുകയായിരുന്നു. ഇതോടെ അടുത്ത മാസം മൂന്നിന് വീണ്ടും യോഗം ചേരാമെന്ന തീരുമാനത്തിൽ പിരിഞ്ഞു. പാർട്ടിയിൽ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ ടി.പി. പീതാംബരൻ മാസ്റ്റർ സീറ്റിനെ ചൊല്ലി തർക്കങ്ങളുണ്ടെന്ന് സമ്മതിച്ചു. പല ആളുകൾ സ്ഥാനാർഥികളാകാനുള്ളപ്പോൾ തർക്കം സ്വാഭാവികമാണെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
ഒരു പേരിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്രത്തിന് മുൻഗണന ക്രമത്തിൽ പാനൽ സമർപ്പിക്കും. അടുത്ത യോഗത്തിൽ യോജിച്ചുള്ള തീരുമാനത്തിൽ എത്താൻ കഴിയുമെന്നാണ് കരുതുന്നത്. വിജയം മാത്രമാണ് മാനദണ്ഡം. സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ പോസ്റ്റർ പതിച്ചതിനെ കുറിച്ച് അറിയില്ല. സീറ്റ് വിൽപനക്കെന്ന് എഴുതിവച്ചവരോട് തന്നെ ചോദിക്കണമെന്നും അദ്ദഹം പ്രതികരിച്ചു.