എറണാകുളം: വട്ടിയൂർക്കാവിൽ താൻ മത്സരിക്കില്ലന്ന് മുന്‍ ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പാർട്ടിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ബി ജെ പി കോർ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
മത്സരിക്കാനുള്ള ബുദ്ധിമുട്ട് പാർട്ടി യോഗത്തിൽ അറിയിക്കും. താൻ മൂന്ന് തവണ മത്സരിച്ചിട്ടുണ്ട്. പുതിയ ആളുകൾ വരട്ടേയെന്നാണ് അഭിപ്രായം. വട്ടിയൂർക്കാവിൽ ബി ജെ പിക്ക് വിജയ സാധ്യതയുണ്ട്. വ്യക്തി എന്ന നിലയിൽ താൻ ഒന്നും ചെയ്തിട്ടില്ല. വ്യക്തി പ്രഭാവത്തിന് യാതൊരു പ്രസക്തിയുമില്ല. സംഘടനയുടെ പ്രവർത്തനമാണ് വിലയിരുത്തപ്പെടുക. സ്ഥാനാർത്ഥി നിർണ്ണയുമായി ബന്ധപ്പെട്ട് ജില്ലാ കമ്മറ്റിക്ക് ഇഷ്ടമുള്ള അഭിപ്രായവും തീരുമാനവും എടുക്കാൻ സ്വാതന്ത്ര്യമുണ്ട്.
വട്ടിയൂർകാവിൽ മുന്‍പ് താൻ പരാജയപ്പെട്ടത് സി.പി.എം. സഹായം യു. ഡി.എഫ്. സ്ഥാനാർത്ഥി കെ. മുരളീധരന് ലഭിച്ചതിനാലാണെന്നും കുമ്മനം പറഞ്ഞു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടകരയിൽ സഹായിച്ചതിന് പ്രത്യുപകാരമായി വട്ടിയൂർക്കാവിൽ കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് ലഭിക്കുമെന്ന പ്രചാരണം ശരിയെല്ലന്നും കുമ്മനം വ്യക്തമാക്കി.