എറണാകുളം: ഫ്രീഡം ടു ട്രാവൽ ഓഫറുമായി കൊച്ചി മെട്രോ. സ്വാതന്ത്ര്യ ദിനത്തിൽ മെട്രോയിൽ 10 രൂപയ്ക്ക് ഏത് സ്റ്റേഷനിലേക്കും യാത്ര ചെയ്യാൻ അവസരം. രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കൊച്ചി മെട്രോയും ഈ ആഘോഷങ്ങളിൽ പങ്കാളിയാവുന്നതിന്‍റെ ഭാഗമായാണ് സൗജന്യ നിരക്ക് പ്രഖ്യാപിച്ചത്.
ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായാണ് യാത്രക്കാർക്ക് ഓഗസ്റ്റ് 15ന് ഫ്രീഡം ടു ട്രാവൽ ഓഫർ ഒരുക്കിയിരിക്കുന്നതെന്ന് കൊച്ചി മെട്രോ അറിയിച്ചു. 15-ാം തീയതി കൊച്ചി മെട്രോയിൽ വെറും 10 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാർക്ക് നൽകുന്നത്.
തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതൽ രാത്രി 11 മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും 10 രൂപ നൽകിയാൽ മതിയാകും. ക്യൂആർ ടിക്കറ്റുകൾക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കുമെന്നും മെട്രോ അധികൃതർ അറിയിച്ചു. കൊച്ചി മെട്രോയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് വേണ്ടി ഇത്തരം പദ്ധതികൾ കഴിഞ്ഞ കാലങ്ങളിലും നടപ്പാക്കിയിരുന്നു. ഇതിനെല്ലാം വലിയ സ്വീകാര്യതയായിരുന്നു യാത്രക്കാരിൽ നിന്ന് ലഭിച്ചത്.