എറണാകുളം: കൊച്ചി മെട്രോ സർവീസ് പുനഃരാരംഭിച്ചു. നാലാംഘട്ട അൺലോക്കിൻ്റെ ഭാഗമായി അഞ്ചര മാസത്തിന് ശേഷമാണ് കൊച്ചി മെട്രോ സർവീസ് വീണ്ടും തുടങ്ങിയത്. ആദ്യ രണ്ട് ദിവസം രാവിലെ ഏഴ് മണി മുതൽ രാത്രി എട്ട് മണിവരെ സർവീസ് ഉണ്ടാകും. എന്നാൽ ഉച്ചക്ക് ഒരു മണി മുതൽ രണ്ട് മണി വരെ സർവീസ് ഉണ്ടാകില്ല. പത്ത് മിനിറ്റ് ഇടവേളകളിലാണ് സർവീസ് നടത്തുക. ഞായറാഴ്‌ചകളിൽ രാവിലെ എട്ട് മുതലാണ് സർവീസ് തുടങ്ങുന്നത്. അതേസമയം കൊച്ചി മെട്രോയുടെ കുറഞ്ഞ യാത്രാ നിരക്കുകളും ഇന്ന് പ്രാബല്യത്തിൽ വന്നു.
തൈക്കുടം മുതൽ പേട്ട വരെയുള്ള സർവീസ് ഇന്ന് ഉച്ചക്ക് 12:50ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടെ ആലുവ മുതല്‍ പേട്ടവരെ നീളുന്ന കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടമാണ് പൂർത്തിയാകുന്നത്. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിക്കും. കൊവിഡ് സാഹചര്യത്തിൽ വീഡിയൊകോൺഫറൻസ് വഴി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
കൊവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ പൂർണമായും പാലിച്ചാണ് സർവീസ് പുനരാംരംഭിച്ചത്. സാമൂഹിക ആകലം പാലിച്ച് യാത്രക്കാർക്ക് ഇരിക്കുന്നതിനുള്ള സ്ഥലങ്ങൾ മെട്രോക്ക് അകത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ഇരുപത് സെക്കൻഡ് വീതം നിർത്തി വായുസഞ്ചാരം ഉറപ്പാക്കിയാണ് സർവീസ് നടത്തുന്നത്.