എറണാകുളം: കൊച്ചി മെട്രോയുടെ പുതിയ പാതയായ മഹാരാജാസ് കോളജ് മുതൽ കടവന്ത്ര വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ പരീക്ഷണ ഓട്ടം നടത്തി. സൗത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള കാന്‍ഡി ലിവർ പാലത്തിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. മൂന്നാം ഘട്ടത്തിൽ സർവീസ് നീട്ടുന്നതിന്‍റെ ഭാഗമായാണ് പുതിയ പാതയിലെ പരീക്ഷണ ഓട്ടം ഇന്ന് രാവിലെ നടന്നത്. മണിക്കൂറിൽ അഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് ട്രയൽ റൺ നടത്തിയത്.
തൂണുകള്‍ കുറവും ദൂരം കൂടുതലുമുള്ള പാലമായ കാന്‍ഡി ലിവര്‍ പാലത്തിന്‍റെ ബലപരിശോധനയും ഇതോടൊപ്പം നടത്തി. മണല്‍ ചാക്ക് നിറച്ച ബോഗികളുമായാണ് പാലത്തിന്റെ ബല പരീക്ഷണം നടത്തിയത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരീക്ഷണ ഓട്ടം നിരീക്ഷിച്ചു. എത്രയും വേഗം പുതിയ പാത തുറന്നുകൊടുക്കാനാണ് കെഎംആര്എല്ലിന്റെ തീരുമാനം.